കാഞ്ഞാര്‍: പുരാതനമായ കുടയത്തൂര്‍ വയനക്കാവ് ദേവീക്ഷേത്രത്തില്‍ പൂജയ്ക്ക് ദേവസ്വം ബോര്‍ഡ് പൂജാരിയെ നിയമിക്കാത്തതിനാല്‍ നിത്യപൂജ മുടങ്ങുന്ന സ്ഥിതിയില്‍. ക്ഷേത്രത്തിലെ മേല്‍ശാന്തി ആറു മാസം മുമ്പ് പ്രെമോഷനോടെ സ്ഥലം മാറി പോയതിനു ശേഷം പുതിയ മേല്‍ശാന്തിയെ ദേവസ്വം ബോര്‍ഡ് ഈ ക്ഷേത്രത്തിലേക്ക് നിയമിച്ചിട്ടില്ല. ബോര്‍ഡ് അധികാരികളോട് ഇതേക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇന്നു വരും നാളെ വരും എന്ന മറുപടിയാണ് കിട്ടുന്നത്. ഗൗരവമുള്ള വിഷയത്തേയും ലാഘവത്തോടെയാണ് ബോര്‍ഡ് അധികാരികള്‍ സമീപിക്കുന്നത്. ക്ഷേത്ര ഉപദേശക സമിതിയാണ് പൂജ മുടങ്ങാതിരിക്കുവാന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. സമീപ പ്രദേശങ്ങളിലെ ക്ഷേത്രത്തില്‍ നിന്നും നട തുറക്കുവാന്‍ പൂജാരിമാരെ എത്തിച്ച് ക്ഷേത്രം തുറന്നതിനു ശേഷം തിരികെ കൊണ്ടുവിടും. പിന്നീട് ക്ഷേത്രം അടക്കാറാകുമ്പോള്‍ വീണ്ടും മേല്‍ശാന്തിയെ കൂട്ടികൊണ്ട് വന്ന് നേദ്യം നടത്തി നട അടയ്ക്കും. ഇങ്ങനെ എത്ര നാള് മുന്നോട്ടു പോകുവാന്‍ കഴിയും എന്നാണ് ക്ഷേത്ര ഉപദേശക സമിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. കര്‍ക്കിടക മാസം ആരംഭിച്ചതിനാല്‍ അനേകം ഭക്തജനങ്ങളാണ് ആരാധനയ്ക്കായി എത്തുന്നത്. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് പൂജ നടത്തികൊടുക്കുവാന്‍ പൂജാരി ഇല്ലാത്ത അവസ് ഥയാണ്. ഒരു നേരം പൂജ ഉണ്ടായിരുന്ന ഇവിടെ രണ്ടു നേരത്തെ പൂജ നടത്തുവാനുള്ള അനുമതിക്ക് ഒരു ലക്ഷം രൂപ ഭക്തജനങ്ങള്‍ ദേവസ്വം ബോര്‍ഡില്‍ കെട്ടിവെച്ചാണ് അനുമതി നേടിയത്. ഒരു ലക്ഷം രൂപ കെട്ടിവെച്ച് പൂജയ്ക്ക് അനുമതി നേടിയ ക്ഷേത്രത്തിനോടാണ് ദേവസ്വം ബോര്‍ഡ് കുറ്റകരമായ അലംഭാവം കാണിക്കുന്നത്. പൂജാകര്‍മ്മങ്ങള്‍ ചെയ്തിരുന്ന പൂജാരിയെ പകരം സംവിധാനം ഇല്ലാതെയാണ് സ്ഥലം മാറ്റിയത്. പൂജയ്ക്കായി പൂജാരിയെ നിയോഗിക്കാത്തതില്‍ ഭക്തജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന പണം കൈപ്പറ്റുക എന്നതിനപ്പുറം യാതൊരു ഉത്തരവാദിത്വവും ബോര്‍ഡ് അധികാരികള്‍ക്ക് ഇല്ലായെന്നാണ് ഭക്തജനങ്ങള്‍ ആരോപിക്കുന്നത്. ക്ഷേത്രത്തിലെ പൂജ മുടങ്ങാതിരിക്കുവാനുള്ള നടപടികള്‍ അടിയന്തിരമായി ദേവസ്വം ബോര്‍ഡ് അധികാരികള്‍ സ്വീകരിക്കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: