ശ്രീരാമനോട് പരശുരാമൻ വിടവാങ്ങുന്നതിന് മുമ്പ് ശ്രീരാമനെസ്തുതിക്കുന്നു. ഭക്തികൊണ്ടും സത്‌സംഗംകൊണ്ടും മാത്രമേ കർമ്മജാലത്തിൽ കുടുങ്ങി ജീവാത്മാവ് അനാസക്തമായി മോക്ഷം നേടുകയുള്ളൂ. അതിനാൽ ചരണാംബുജങ്ങളിൽ ഭക്തിയുണ്ടാവാൻ അനുഗ്രഹിക്കണം. പരശുരാമസ്തുതിക്കുശേഷം ശ്രീരാമൻ അനുഗ്രഹിക്കുന്നതോടെ ഭാർഗവരാമൻ മഹേന്ദ്രപർവതത്തിലേയ്‌ക്ക് ശേഷകാലം തപസ്സുചെയ്യാൻ പോകുന്നു.(അ.രാ)
അയോദ്ധ്യയിലെത്തിയ ദശരഥനേയും പുത്രന്മാരേയും വധുക്കളേയും ജനാവലി എതിരേൽക്കുന്നു. കുറച്ചുനാൾ കഴിഞ്ഞ് ഭരതനും ശത്രുഘ്‌നനും കൈകയത്തേയ്‌ക്ക് പോകുന്നു. അപ്പോഴാണ് മന്ത്രിസഭയിലും നഗര-ജനപദപ്രമുഖർക്കുമുന്നിലും ശ്രീരാമാഭിഷേകത്തിന്റെ അഭിപ്രായം ദശരഥൻ പ്രകടിപ്പിക്കുന്നത്. താൻ ആവുംവണ്ണം രാജ്യഭാരം കൊണ്ടുനടന്നെന്നും പ്രായമായിവരുന്നതിന്നാൽ ഇനിസാദ്ധ്യമല്ലെന്നും നിങ്ങളനുവദിക്കയാണെങ്കിൽ എന്നേക്കാളും ഗുണവാനും കഴിവുറ്റവനും ജനങ്ങൾക്ക് പ്രിയങ്കരനുമായ ശ്രീരാമൻതന്നെ ഉത്തരാധികാരമേറ്റെടുക്കട്ടേ എന്നുമാണ് ദശരഥന്റെ അഭിപ്രായം.
കേട്ടയുടനെ എല്ലാവരും അനുകൂലാഭിപ്രായം പറഞ്ഞു. ജനങ്ങൾ ജയഘോഷം മുഴക്കി. വമ്പിച്ചതോതിൽ ആഘോഷങ്ങൾ ആരംഭിച്ചു. ആഘോഷങ്ങൾ നിരവധി ദിവസം നീണ്ടുനിന്നു. നാലുഭാഗത്തുനിന്നും ജനങ്ങൾ പ്രവഹിക്കാൻ തുടങ്ങി. സമുദ്രത്തിൽ കോളിളക്കം വന്നപോലെ എന്നാണ് വാൽമീകി മഹർഷിപറയുന്നത്.
അ.രാ.ത്തിൽ തിരിച്ചത്തിയ ശ്രീരാമൻ അമ്മമാർക്ക് വിശേഷങ്ങൾ എല്ലാം പറഞ്ഞുകൊടുക്കുന്നു. ദേവ,പിതൃ പൂജയോടെയാണ് രാമനും സീതയും (നാലുദമ്പതിമാരും) വിവാഹജീവിതമാരംഭിക്കുന്നത്. പുതുതായി വരുന്ന വധുക്കളും വരന്മാരുംെചല്ലുന്നവീടിന്റേയും നാടിന്റെയും പാരമ്പര്യം അറിഞ്ഞിരിക്കണമല്ലോ? സീതയെപറ്റി എഴുത്തച്ഛൻ പറയുന്നത് അമ്മമാരുടെഹൃദയം ജയിച്ചു എന്നാണ്. അമ്മായി അമ്മയുടെ ഹൃദയം ജയിക്കലാണ് ദാമ്പത്യ ജീവിതത്തിലെ വിജയരഹസ്യങ്ങളിലൊന്ന് എന്നത് എല്ലാ നവവധുവും അറിഞ്ഞിരിക്കേണ്ടതാണല്ലോ?
വ.രാ.ൽ ദശരഥനും ആ.രാ ൽ വസിഷ്ഠമഹർഷിയുമാണ് അഭിഷേകവിവരം രാമനെ അറിയിക്കുന്നത്. വിവരമറിഞ്ഞ് സന്തോഷിക്കാത്ത മൂന്നു പേരേ ഉണ്ടായിരുന്നുള്ളൂ. രാമനും, ദേവന്മാരും, മന്ഥരയും. മൂന്നുകൂട്ടരും മൂന്ന് കാരണങ്ങൾകൊണ്ടാണ് ദുഃഖിക്കുന്നത് എന്നുമാത്രം. ഒറ്റക്ക് രാജാവാകമല്ലോ, ഇതുവരെ ഒപ്പംകളിച്ചുംപഠിച്ചും കഴിച്ചും വളർന്ന മറ്റ് മൂന്ന് സഹോദരന്മാരിൽനിന്നും താനകന്നുപോകുമോ എന്ന ദുഃഖമാണ് രാമന്. മന്ഥരയുടെ ദുഃഖകാരണം നമുക്ക് വഴിയെ അറിയാം.
ദേവന്മാർ ദുഃഖിക്കുന്നത് രാവണനിഗ്രഹം നടക്കുമോ എന്നഭയത്താലുമാണ്. (ഇന്ദ്രിയ മനോ പ്രാണതല കീഴടക്കുന്ന ‘ഞാൻ മാത്രം‘ (അഹം) എന്ന ഭാവത്തെ ഇല്ലായ്‌മചെയ്യാൻ ദേവഭാവങ്ങൾക്ക് പരമാത്മാവിന്റെ ആത്മശക്തി കൂടെവേണം. മനുഷ്യഭാവങ്ങൾക്കത് സാദ്ധവുമല്ല. ‘നരരൂപഹരി‘യായ ശ്രീരാമനേ കഴിയൂ) ശ്രീരാമൻ വ്യക്തി എന്നനിലയ്‌ക്കും ഭരണാധികാരി എന്ന നിലയ്‌ക്കും നൂറുകണക്കിന് ഗുണങ്ങളാണ് ഈ പ്രകരണത്തിൽ പറയപ്പെടുന്നത്. അവയിൽ പൗരകാര്യം പിതാവിനെ പ്പോലെ ചിന്തയോടെ നടത്തുന്നു, ബ്രഹ്മാവിനെപ്പോലെ സമദൃഷ്ടിയോടെ കർമ്മം ചെയ്യുന്നു, സമ്പദ് വ്യവസ്ഥയിൽ ചിലവിടേണ്ടതും ചുരുക്കേണ്ടതും എപ്പോഴാണെന്ന് നല്ല ധാരണയുണ്ട്. സ്വദോഷവും പരദോഷവും അറിയുന്നു (ഇന്നു പരദോഷത്തെപറ്റിയറിയാത്തതിനാൽ രാമഭക്തർ സ്വദോഷചർച്ചയിൽ മാത്രം മുഴുകി ആത്മവീര്യം നശിച്ച് മറ്റുള്ളവരുടെ കുടിലതന്ത്രങ്ങൾക്കു മുന്നിൽ കീഴടങ്ങിക്കൊണ്ടിരിക്കുന്നു.
രാജാവ് സ്ഥിതപ്രജ്ഞനാണ്. ഭാഷകളും ഗ്രന്ഥങ്ങളും പഠിച്ചിട്ടുണ്ട്. (ജനവിദ്വത് സമ്പർക്കം ആവശ്യമാണല്ലോ?) ധനവിനിമയത്തിൽ വിദഗ്ധനാണ്, സേനാവിഭാഗങ്ങളിൽ നല്ലഅറിവുണ്ട്. ദണ്ഡം കാഠിന്യമേറാതെ നോക്കുന്നു. ശത്രുരാജ്യവ്യവസ്ഥകളെ ഭേദിക്കുന്നവനറിയാം. ആക്രമിക്കാനും മടിയില്ല. ആരുംതന്നെ അനാദരവുകാണിക്കാൻ ധൈര്യപ്പെടാത്ത വ്യക്തിത്വമാണ്. ചുരുക്കത്തിൽ ഭൂമിയും ജനങ്ങളും ആഭരണാധികാരിയെ ആഗ്രഹിക്കുന്നു.ഇന്നത്തെ എത്രഭരണാധികാരികൾ ഈ നിബന്ധനകൾ നിറവേറ്റും? ജനക കൈകേയന്മാരെ ക്ഷണിക്കാതെയാണ് അഭിഷേകം നടത്താൻ ദശരഥൻ ഒരുങ്ങുന്നത്.
ഭരതനെപറ്റി മനസിലൊരു സംശയവുമുണ്ട്. ദേവന്മാർ ബുദ്ധിനശിപ്പിച്ചതാണെന്ന് പറയാം. രാമനെ മനസിലെ സംശയം പറയാൻ വിളിപ്പിച്ചു. മണികാഞ്ചന ഭൂഷിതനായി രാമൻ വന്ന് അച്ഛന്റെ കാൽതൊട്ട് വന്ദിച്ചു. ഇന്ന് വ്രതത്തോടെ ബ്രഹ്മാചര്യത്തിൽ കഴിയണമെന്ന്ഉപദേശിച്ചു. ബ്രഹ്മചര്യമെന്നാൽ ബ്രഹ്മവിചാരംതന്നെ. സീതയോടൊപ്പമാണ് വ്രതാചരണംവേണ്ടത്. ഭാര്യ സഹധർമ്മിണിയാണല്ലോ? രാമാഭിഷേകം മാത്രമേകർത്തവ്യമായി തനിയ്‌ക്ക് ബാക്കിയുള്ളൂ.മറ്റൊരു കർമ്മമോ കടപ്പാടോ ശേഷിക്കുന്നില്ല.
എന്നാണ് ദശരഥവചനം. മകന്റെമേൽ കടങ്ങളോ കടപ്പാടുകളോ കെട്ടിവയ്‌ക്കുന്നില്ല. എത്രപേർക്കത് പറയാനാകും. ദർഭയിൽ കിടക്കണം സുരക്ഷകൂട്ടണം എന്ന ദശരഥൻ പറയുന്നു. ആദ്ധ്യാത്മികശക്തിയും ഭൗതികശക്തിയും വേണമെന്ന്‌സാരം.
ജനങ്ങളുടെ ആഘോഷം കാണിക്കുന്നത് പരസ്പര ഐക്യം, രാജ്യത്തോട് കൂറ്, സമ്പന്നത എന്നിവയെയാണ്. ഛിദ്രവാസന ഇല്ലായിരുന്നു.എന്നുചുരുക്കം. രാവണ രാജ്യത്തെത്തുമ്പോൾ ഇതിന് നേരെ വിപരീത ദൃശ്യങ്ങൾകാണാം. കഥ ഭൗതികതലത്തിലേതാണെങ്കിലും ആദ്ധ്യാത്മിക തത്ത്വങ്ങൾ വാൽമീകി മഹർഷി വളരെ സമർത്ഥമായും സൂക്ഷ്മമായും ഇഴചേർത്തിണക്കിയിരിക്കുന്നു.
ഇന്നത്തെ സുഭാഷിതം
യാതൊന്നുയാതൊന്നുപുല്ലിംഗവാചകം
വേദാന്തവേദ്വതൽ സർവവുമേവനീ
ചേതോവിമോഹന! സ്ത്രീ ലിംഗവാചകം
യാതോന്നതൊക്കവേ ജാനകീദേവിയും
നിങ്ങളിരുവരുമെന്നിയേമറ്റൊന്നുമെങ്ങുമേ
കണ്ടീല കേൾപ്പാനുമില്ലല്ലൊ?
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: