ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശുദ്ധീകരണം ലക്ഷ്യമിട്ട് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അദ്ധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചു. രാഷ്‌ട്രീയക്കാരും മന്ത്രിമാരും എഴുപത് വയസ്സ് കഴിഞ്ഞവരും ബിസിസിഐയുടെ ഭാരവാഹികളാവരുത് എന്നതടക്കമുള്ള ശുപാര്‍ശകളാണ് സുപ്രീംകോടതി അംഗീകരിച്ചത്.
മഹാരാഷ്‌ട്ര, ഗുജറാത്ത് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഒരു വോട്ട് മാത്രമേ അനുവദിക്കാവൂവെന്നും കോടതി പറഞ്ഞു. ഈ സംസ്ഥാനങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ അസോസിയേഷനുകള്‍ ഉള്ളതിനാല്‍ റൊട്ടേഷന്‍ സമ്പ്രദായം ഉപയോഗിക്കാം. കമ്മിറ്റിയുടെ എല്ലാ നിര്‍ദേശങ്ങളും ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ബിസിസിഐയെ വിവരവകാശ നിയമത്തിന് കീഴിൽ കൊണ്ടുവരുന്ന കാര്യം പാർലമെന്റിന് തീരുമാനിക്കാനായി കോടതി വിട്ടു. സംസ്ഥാന ക്രിക്കറ്റിലും ബിസിസിഐയിലും ഒരുമിച്ച് ഭാരവാഹിയാവാൻ കഴിയില്ല. ഐപിഎല്ലിൽ ഭാരവാഹി ആയിരിക്കുമ്പോൾ തന്നെ ബിസിസിഐയുടെ ഭാരവാഹിത്വവും വഹിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വാതുവെപ്പ്, ഒത്തുകളി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ജനവരി 22നാണ് മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ആര്‍.എം. ലോധയെ അധ്യക്ഷനായി മൂന്നംഗ അന്വേഷണ സമതി രൂപവത്കരിച്ചത്.















