ന്യൂദൽഹി: പാർലമെന്റിനെ ഭീകരാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാൻ ‘ഓപ്പറേഷൻ ഗോൾഡൻ നോസ്’ എന്ന പേരിൽ ശ്വാനന്മാരുടെ സംഘം തയ്യാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാർലമെന്റിന്റെ സുരക്ഷക്കായി കരുത്തുറ്റ പോലീസ് നായകളുടെ സംഘത്തെ വിന്യസിക്കാൻ തീരുമാനിച്ചത്
പാർലമെന്റ് പരിധിയിൽ നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ മേശകളിലോ, പൂച്ചട്ടികളിലോ, ആരു ശ്രദ്ധിക്കാത്ത പദാർത്ഥങ്ങളിലോ ഘടിപ്പിക്കുന്ന സ്ഫോടക വസ്തുക്കളെ കണ്ടു പിടിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ തീവ്ര പരിശീലനം നേടിയ ഈ ശ്വാനന്മാർക്ക് ഇത്തരത്തിലുള്ള സ്ഫോടക വസ്തുക്കൾ പെടുന്നനെ കണ്ടെത്താൻ കഴിയും.
ഇതിനു പുറമെ സ്ഫോടക വസ്തുക്കളുടെ സ്പർശനമേറ്റവരെയും മണത്തറിയാൻ ഇവയ്‌ക്കു സാധിക്കും. നേരത്തെ ഐടിബിപി സേനയുടെ ശ്വാന വിഭാഗമായ ക്രാക്ക് കെ9 യൂണിറ്റിനോട് പാർലമെന്റിന്റെ സുരക്ഷാ മേഖലയിൽ പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ലോകത്തെഏറ്റവും മികച്ച ശ്വാനന്മാരുടെ സൈനിക വിഭാഗമായിട്ടാണ് ഐടിബിപിയുടെ കെ9നെ കാണുന്നത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അവസാന വർഷം ഭാരതം സന്ദർശിച്ചപ്പോൾ കെ9 യൂണിറ്റിനെ സുരക്ഷാ ചുമതലകളിൽ ഉൾപ്പെടുത്തിയിരുന്നു.















