ന്യൂദൽഹി: സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മാധ്യമ പ്രവർത്തക മെഹർ തരാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനായി മൂന്ന് മാസം മുൻപ് തരാർ ഭാരതത്തിലെത്തിയെന്നും സെൻട്രൽ ഡൽഹിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ചായിരുന്നു ചോദ്യം ചെയ്യലെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
നേരത്തെ അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെഹറിന് കത്തയച്ചിരുന്നു. മൂന്ന് മാസം മുമ്പാണ് മെഹർ തരാർ ചോദ്യം ചെയ്യലിനായി ഭാരതത്തിലെത്തിയത്. ചോദ്യം ചെയ്യലിൽ ശശി തരൂരുമായി പ്രണയബന്ധമുണ്ടെന്ന ആരോപണം അവര്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ശശി തരൂരുമായി ഇമെയിലുകളോ മറ്റു സന്ദേശങ്ങളോ കൈമാറിയെന്ന വാർത്തയും ഇവർ നിഷേധിച്ചു.
ചോദ്യം ചെയ്യലിനെക്കുറിച്ച് പൊലീസ് ഡിപ്പാർട്ട്മെന്‍റിലെ തന്നെ ഉയർന്ന ഉദ്യോഗസ്ഥരിൽ വളരെ കുറച്ച് പേർക്ക് മാത്രമേ ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുളളൂവെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
2014 ജനുവരി 17നാണ് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്‌കറിനെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരുമായി മെഹര്‍ തരാറിന് ബന്ധമുണ്ടെന്ന് ആരോപിച്ച് സുനന്ദ പുഷ്‌കര്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: