നാഗ്പൂർ: നാഗ്പൂരിൽ ദുരഭിമാനത്തിന്റെ പേരിൽ അമ്മ മകളെ കൊന്നു. ഡോ.അംബേദ്ക്കർ നഗർ കോളനിയിലാണ് സംഭവം. 19 വയസ്സുള്ള മകളെ അമ്മ മുക്താഭായി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീടിനു സമീപത്തുള്ള വ്യക്തിയുമായി അടുപ്പത്തിലായിരുന്ന മകൾ ഗർഭിണിയാെണന്നറിഞ്ഞ് ഗർഭഛിദ്രം നടത്തുവാൻ മുക്താഭായി നിർബന്ധിക്കുകയായിരുന്നു.
എന്നാൽ മകൾ ഇതിനെ എതിർത്തതിനെത്തുടർന്നാണ് കൊല നടത്തിയതെന്ന് നാഗ്പൂർ പോലീസ് വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം ബന്ധുക്കളുടെ സഹായത്തോടുകൂടി രഹസ്യമായി മൃതദേഹം മറവുചെയ്യാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരിൽ ചിലർ നൽകിയ പരാതിയെത്തുടർന്ന് പോലീസ് മുക്താഭായിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
















