ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഒമ്പതാമത് മുഖ്യമന്ത്രിയായി പെമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇറ്റാനഗറിൽ നടന്ന ചടങ്ങിൽ ഗവർണർ തഥാഗത റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്റെ മകനാണ് 37കാരനായ പെമ ഖണ്ഡു. ഇതോടെ രാജ്യത്തെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതി ഇനി ഖണ്ഡുവിന് സ്വന്തം. ചൗവ്‌ന മേയ്‌നാണ് ഉപമുഖ്യമന്ത്രി.
സുപ്രീംകോടതി വിധിയെ തുടർന്ന് ചുമതലയേറ്റ മുഖ്യമന്ത്രി നബാം തുക്കി രാജിവെച്ച ഒഴിവിലാണ് ഖണ്ഡു അധികാരമേറ്റത്. സംസ്ഥാനത്തെ വിമത എംഎൽഎമാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നബാം തുക്കിയ മാറ്റി പെമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത്.
ഭരണകക്ഷിയ്‌ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിലാണ് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത്. തുടർന്ന് ബുധനാഴ്ച നബാം തുക്കി ഭരണം പുനസ്ഥാപിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: