കീവ്: ഉക്രെയിൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി വിഖ്യാത താരം ആന്ദ്രെ ഷെവ്‌ചെങ്കോയെ നിയമിച്ചു. ഇക്കഴിഞ്ഞ യൂറോകപ്പിലെ ടീമിന്റെ ദയനീയ പ്രകടനത്തെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ മിഖെയ്‌ലോ ഫൊമെൻകോയ്‌ക്കു പകരക്കാരനായാണ് ഷെവ്‌ചെങ്കോ എത്തുന്നത്. യൂറോകപ്പിൽ ഒരു പോയിന്റ് പോലും നേടാൻ കഴിയാതെ, ഒരു ഗോൾ പോലും നേടാൻ കഴിയാതെ പുറത്തായ ഏക ടീമും ഉക്രെയിനായിരുന്നു. ഇക്കഴിഞ്ഞ യൂറോകപ്പിൽ ഫൊമെൻകോയുടെ അസിസ്റ്റന്റായും ഷെവ്‌ചെങ്കോ പ്രവർത്തിച്ചു.
ഉക്രെയിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ചതാരവും ഷെവ്‌ചെങ്കോയാണ്. 1995 മുതൽ 2012വരെ ടീമിന്റെ ഭാഗമായിരുന്ന ഷെവ്‌ചെങ്കോ 111 മത്സരങ്ങളിൽ നിന്ന് 48 ഗോളുകളും സ്വന്തമാക്കി. ഏറ്റവും കൂടുതൽ തവണ ദേശീയ ജേഴ്‌സിയണിഞ്ഞ രണ്ടാമത്തെ താരവും ഷെവ്‌ചെങ്കോയാണ്.
ഡൈനമോ കീവ്, എസി മിലാൻ, ചെൽസി എന്നീ ക്ലബുകൾക്കുവേണ്ടിയും ഷെവ്‌ചെങ്കോ കളിച്ചിട്ടുണ്ട്. ക്ലബ് കരിയറിൽ 648 മത്സരങ്ങളിൽ നിന്ന് 321 ഗോളുകൾ അടിച്ചുകൂട്ടിയ ഷെവ്‌ചെങ്കോ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരുടെ നിരയിൽ ഇടംപിടിച്ചയാളാണ്. 2004-ൽ ലോക ഫുട്‌ബോളർ ബഹുമതിയും ഷെവ്‌ചെങ്കോക്കായിരുന്നു. 2012 നവംബറിൽ ദേശീയ ടീമിന്റെ പരിശീലകനാകാൻ ഉക്രെയിൻ ഫുട്‌ബോൾ ഫെഡറേഷൻ സമീപിച്ചിരുന്നെങ്കിലും അന്ന് വേണ്ടെന്നുവയ്‌ക്കുകയായിരുന്നു.
















