കൊച്ചി: ഇറാനിലെ ടെഹ്‌റാനിൽ 22 മുതൽ 31 വരെ നടക്കുന്ന ഏഷ്യൻ ജൂനിയർ ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ടു മലയാളി താരങ്ങൾ. മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസിലെ എൻ. മുഹമ്മദ് ഷിറാസ്, അങ്കമാലി കൊരട്ടി ലിറ്റിൽ ഫഌവർ സ്‌കൂളിലെ ജിനീബ് ബെന്നി എന്നിവർക്കാണ് ടീമിൽ ഇടം കണ്ടെത്താനായത്.
നേരത്തേ അണ്ടർ-16 വിഭാഗത്തിൽ കളിച്ച ഷിറാസ് ഇതു രണ്ടാം തവണയാണ് ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുന്നത്. 12 രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ എ ഗ്രൂപ്പിലാണ് ഇന്ത്യ. ചൈന, ചൈനീസ് തായ്‌പേയ്, ഫിലിപ്പീൻസ്, ഇറാൻ, തായ്‌ലാന്റ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. 22ന് തായ്‌ലാന്റുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചാമ്പ്യൻഷിപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമിന് അടുത്ത വർഷം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനാവും.
















