ട്രാബ്‌സോൺ (തുർക്കി): ലോക സ്‌കൂൾ മീറ്റിൽ കെ.എസ്. അനന്തുവിന് വെങ്കലം. ആൺകുട്ടികളുടെ ഹൈജമ്പിലാണ് സ്‌കൂൾ മീറ്റുകളിലെ മിന്നുംതാരമായ അനന്ദു മെഡൽ പട്ടികയിൽ ഇടംപിടിച്ചത്. 1.96 മീറ്റർ ചാടിയാണ് അനന്തു വെങ്കലം നേടിയത്. 1.99 മീറ്റർ ചാടാനുള്ള അനന്തുവിന്റെ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടു. 1.96 മീറ്റർ തന്നെ ചാടിയ മറ്റൊരു ഇന്ത്യൻ താരമായ ഷാനവാസ് ഖാനും അനന്തുവിനൊപ്പം മൂന്നാം സ്ഥാനം പങ്കിട്ടു.
കോഴിക്കോട് ജനുവരിയിൽ നടന്ന ദേശീയ സ്‌കൂൾ മീറ്റിൽ 2.08 മീറ്റർ ചാടി റെക്കോർഡോ സ്വർണ്ണം നേടിയ അനന്തുവിന് ഇൗ പ്രകടനം ആവർത്തിക്കാനായിരുന്നെങ്കിൽ സ്വർണ്ണം നേടാമായിരുന്നു. 1.99 മീറ്റർ ചാടിയ തുർക്കി താരത്തിനാണ് സ്വർണ്ണം.
പെൺകുട്ടികളുടെ ട്രിപ്പിൾജമ്പിൽ തമിഴ്‌നാട് താരം എസ്. പ്രിയദർശിനി വെള്ളി നേടി. തന്റെ അവസാന ശ്രമത്തിൽ 12.66 മീറ്റർ താണ്ടിയാണ് പ്രിയദർശിനി രാജ്യത്തിന്റെ അഭിമാനമായത്. ആൺകുട്ടികളുടെ ലോങ്ജമ്പിൽ കർണാടക താരം ലോകേഷ്. എസ്. വെള്ളി നേടി. രണ്ട് ശ്രമങ്ങൾ ഫൗളായ ലോകേഷ് മൂന്നാം ശ്രമത്തിൽ 7.30 മീറ്റർ താണ്ടിയാണ് വെള്ളി കരസ്ഥമാക്കിയത്.
പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും 2000 മീറ്റർ മെഡ്‌ലെ റിലേയിൽ ഇന്ത്യ വെള്ളിയും വെങ്കലവും നേടി. ഹിരെയ് സിദ്ദി, ലൂയിസ് റൊസാലിൻ, എൽ. സംയ ശ്രീ, സാൻസിറ്റ ഷിൻഡെ എന്നിവരടങ്ങിയ പെൺകുട്ടികളുടെ ടീം 5:16.69 സെക്കന്റിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി.
സി. അജിത്കുമാർ, അക്ഷയ്‌കുമാർ, ശ്രീകാന്ത് ധനവന്ത്, മലയാളി താരം അഭിഷേക് മാത്യു എന്നിവരടങ്ങിയ ടീം 4:31.13 സെക്കന്റിൽ ഫിനിഷ് ചെയ്ത് വെങ്കലം കരസ്ഥമാക്കി. മീറ്റ് ഇന്നലെ കൊടിയിറങ്ങിയപ്പോൾ 2 സ്വർണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും ഇന്ത്യ നേടി.
















