ന്യൂദൽഹി: കഴിഞ്ഞ മാസം അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിക്ക് തന്റെ വിജയം സമർപ്പിക്കുന്നതായി വിജേന്ദർ. കഴിഞ്ഞ ദിവസമാണ് പ്രൊഫഷണൽ ബോക്‌സിങിലേക്ക് കൂടുമാറിയ വിജേന്ദർ ഏഷ്യാ പസഫിക് സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. ന്യൂദൽഹിയിലെ ത്യാഗരാജ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരശേഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഈ ലോക ഗുസ്തിക്കാരൻ.
ചാമ്പ്യൻ പട്ടം നേടിയ വിജേന്ദറിന് തങ്ങളുടെ അഭിനന്ദനം അറിയിക്കാൻ ആരാധകർ തിക്കും തിരക്കും കൂട്ടി. രാഷ്‌ട്രീയക്കാരും വിവിധ മേഖലകളിലെ പ്രശസ്തരും ലോക ഇടിക്കാരനെ കാണാൻ അവിടെ എത്തി. ശനിയാഴ്ചയാണ് കെറി ഹോപ്പിനെ മലർത്തിയടിച്ച് വിജേന്ദർ ഏഷ്യാ പസഫിക് കിരീടം തന്റെ പേരിലാക്കിയത്.
തുടർച്ചയായി ഏഴാം വിജയമാണ് വിജേന്ദറിന്റേത്. പത്ത് റൗണ്ടുകളും മത്സരിച്ചശേഷം പോയിന്റ് അടിസ്ഥാനത്തിലായിരുന്നു വിജേന്ദറിന്റെ വിജയം. പോരാട്ടം ഇത്രയും നീളുമെന്ന് താൻ കരുതിയില്ലെന്നും മികച്ച പോരാട്ടമായിരുന്നെന്നും വിജേന്ദർ പറഞ്ഞു.
കഠിനാദ്ധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും നമ്മുടെ ദേശത്തിന്റെയും വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്‌സിലെ വെങ്കലമെഡൽ നേട്ടത്തിനോട് ഈ മത്സരത്തെ താരതമ്യപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പിന്തുണച്ച ആരാധകർക്കും വിജേന്ദർ നന്ദി അറിയിച്ചു. തന്നെ അഭിനന്ദിക്കാനെത്തിയ ഓരോരുത്തർക്കും അദ്ദേഹം നന്ദി പറഞ്ഞു.
















