ലോകത്തെ ഏറ്റവും വലിയ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ തലകുനിപ്പിച്ച ഒരു അത്‌ലറ്റുണ്ട്. ഒറ്റ ഒളിമ്പിക്‌സിൽ നാല് സ്വർണ്ണവുമായി കളം വിട്ട ഒരു അമേരിക്കൻ നീഗ്രോ. പേര് ജെയിംസ് ക്ലെവ്‌ലാൻഡ് ‘ജെസ്സി‘ ഓവൻസ്. 1936ലെ ബെർലിൻ ഒളിമ്പിക്‌സിലാണ് ജെസ്സി ഓവൻസ് എന്ന കറുത്തുമുത്തിന് മുന്നിൽ അഡോൾഫ് ഹിറ്റ്‌ലർ തലകുനിച്ചത്.
ബെർലിനിൽ 100, 200, ലോങ്ജമ്പ്, 4-100 മീറ്റർ റിലേ എന്നിവയിലാണ് ഹിറ്റ്‌ലറെ സാക്ഷിയാക്കി ജെസ്സി ഓവൻസ് നാല് തവണ പൊന്ന് മാറോടുചേർത്തത്. ആഗസ്റ്റ് മൂന്നിന് നടന്ന 100 മീറ്റർ ഫൈനലിൽ 10.3 സെക്കന്റിൽ ഒളിമ്പിക് റെക്കോർഡിനൊപ്പമെത്തിയാണ് ജെസ്സി സ്വർണ്ണം നേടിയത്. അമേരിക്കയുടെ തന്നെ റാൽഫ് മെറ്റ്കാൽഫിനെ (10.4) പിന്തള്ളിയായിരുന്നു ജെസ്സിയുടെ സ്വർണ്ണക്കുതിപ്പ്. പിന്നീട് 200 മീറ്റർ. മൂന്നാം ഹീറ്റ്‌സിൽ ഓടിയ ഓവൻസ് 21.1 സെക്കന്റിൽ ഒളിമ്പിക് റെക്കോർഡിനൊപ്പമെത്തി
. ക്വാർട്ടർ ഫൈനലിലും ഇതേസമയം കൊണ്ട് ഓടിയെത്തിയെങ്കിലും സെമിയിൽ 21.3 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. എന്നാൽ ജെസ്സിയുടെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ആഗസ്റ്റ് 5ന് നടന്ന ഫൈനലിൽ പന്തയക്കുതിരയുടെ വേഗത്തിൽ കുതിച്ച ജെസ്സി പുതിയ ലോക റെക്കോർഡുമായി പൊന്നണിഞ്ഞു. 20.7 സെക്കന്റ്. യുഎസിന്റെ തന്നെ മാത്യു മാക് ഹോബിൻസണായിരുന്നു ഫൈനലിൽ മുഖ്യ എതിരാളി.
ആഗസ്റ്റ് നാലിനായിരുന്നു ലോങ്ജമ്പ് മത്സരം. യോഗ്യതാ റൗണ്ടിൽ ഓവൻസിന്റെ ആദ്യ രണ്ട് ചാട്ടവും പിഴച്ചതോടെ ഫൈനലിലേക്ക് യോഗ്യതനേടുമോയെന്നുപോലും സംശയിച്ചു. എങ്കിലും മൂന്നാമത്തെ ചാട്ടത്തിന് ഓവൻ തയ്യാറായി. അപ്പോഴാണ് ചുമലിൽ എന്തോ വന്നുവീഴുന്നതുപോലെ ജെസ്സിക്ക് തോന്നിയത്. നോക്കിയപ്പോൾ കണ്ടത് ജർമ്മൻ താരവും എതിരാളിയുമായ ലസ് ലോങ്.
‘‘ജെസ്സി, താങ്കൾ മാർക്ക് ചെയ്തിട്ടുള്ള പോയിന്റ് ഒരടികൂടി പിന്നിലാക്കുന്നതാണ് നല്ലത്. അതുപോലെ നിലത്തുനിന്നുയരേണ്ട, മാർക്ക് തൊടണമെന്ന നിർബന്ധവും വേണ്ട. അടുത്ത ചാട്ടത്തിൽ താങ്കൾ തീർച്ചയായും യോഗ്യത നേടും‘‘-ലസ്‌ലോംഗിന്റെ ഏറെ ഉപകാരപ്രദമായ ഉപദേശം.
സമ്മർദ്ദത്തിലായിരുന്ന ജെസ്സിക്ക് ആ വാക്കുകൾ വേദവാക്യമായി. അത് പകർന്നുനൽകിയ ആത്മവിശ്വാസവുമായി ലസ് ലോങിന്റെ ഉപദേശം ശിരസാവഹിച്ച് ചാടിയ ഓവൻ 7.64 മീറ്റർ ചാടി ഫൈനലിലേക്ക് യോഗ്യത നേടി.
തുടർന്ന് ഫൈനൽ. ആദ്യ അവസരത്തിൽ 7.74 മീറ്റർ ചാടി തുടങ്ങിയ ഓവൻസ് അടുത്ത അവസരത്തിൽ 7.87 മീറ്ററും മൂന്നാം ശ്രമത്തിൽ 7.75 മീറ്ററിലുമെത്തി. നാലാം ചാട്ടം ഫൗൾ. അഞ്ചാം ശ്രമത്തിൽ 7.94 മീറ്റർ. അവസാന അവസരത്തിൽ ഒളിമ്പിക്‌സ് റെക്കോർഡോടെ 8.06 മീറ്റർ താണ്ടി സ്വർണ്ണം. ജെസ്സിക്ക് പിന്നിൽ ലസ് ലോങിന് വെള്ളി കിട്ടി. ലസ് ലോങ് ചാടിയത് 7.87 മീറ്ററിലേക്ക്.
ആഗസ്റ്റ് ഒമ്പതിന് റിലേ മത്സരം. ജെസ്സി ഓവൻസ്, റാൽഫ് മെറ്റ് കാൽഫ്, ഫോയ് ഡ്രാവർ, ഫ്രാങ്ക് വൈകോഫ് എന്നിവരുൾപ്പെടുന്ന റിലേ സംഘം 39.8 സെക്കന്റിൽ ലോകറിക്കാർഡ് തന്നെ ഭേദിച്ചു. ഇറ്റലിയും ജർമ്മനിയും രണ്ടും മൂന്നും സ്ഥാനങ്ങളിലായി. എതിരാളികളെ 15 വാരയോളം പിന്നിലാക്കി നേടിയ യുഎസിന്റെ ലോകറിക്കാർഡ് ഇരുപതുവർഷത്തോളം അഭേദ്യമായിരുന്നു.
കറുത്തവർഗ്ഗക്കാർ ബെർലിനിൽ ഹിറ്റ്‌ലറുടെ സാന്നിധ്യത്തിൽ പീഡിപ്പിക്കപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും അതൊന്നും സംഭവിച്ചില്ല. മറിച്ച് ബെർലിനിലെ ഹീറോ ആയി ഓവൻസ് അവരോധിക്കപ്പെട്ടു.
എന്നാൽ ഈ ഒളിമ്പിക്‌സിന് മുൻപായിരുന്നു ജെസ്സി ഓവൻസിന്റെ മിന്നുന്ന പ്രകടനത്തിന് ലോകം സാക്ഷ്യം വഹിച്ചത്. മിഷിഗണിലെ ബിഗ് ടെൻ ചാമ്പ്യൻഷിപ്പിലാണത്. വെറും 45 മിനിറ്റിനിടയിൽ മൂന്ന് ലോക റെക്കോർഡുകൾ തിരുത്തിയ ഓവൻസ് ഒരെണ്ണത്തിൽ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. 100 വാര ഓട്ടം (9.4 സെക്കന്റ്), ലോങ്ജമ്പ് (8.13 മീറ്റർ), 220 വാര ഓട്ടം (20.3 സെ.), 220 മീറ്റർ ഹർഡിൽസ് (22.6സെ.) എന്നിങ്ങനെയായിരുന്നു ജെസ്സിയുടെ പ്രകടനം.
ലോകറിക്കാർഡുകൾ തിരുത്തിയെഴുതി. 220 വാര ഹർഡിസിൽ 23 സെക്കന്റിൽ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ താരമെന്ന ബഹുമതിയും ജെസ്സി ഓവൻസ് സ്വന്തമാക്കി. ലോങ്ജമ്പിലെ ലോക റെക്കോർഡ് പ്രകടനം 25 വർഷത്തിനുശേഷമാണ് തകർക്കപ്പെട്ടത്.
എന്നാൽ വിധി വൈപരീത്യമെന്നു പറയട്ടെ ജെസ്സിയുടെ അതുല്യ പ്രകടനത്തെ അംഗീകരിക്കാൻ ആരുമുണ്ടായില്ല. കറുത്തവനെന്ന വിവേചനം പേറി ജെസ്സി ഓവൻസ് ഏറ്റുവാങ്ങിയ ദുരന്തങ്ങൾക്ക് കയ്യുംകണക്കുമില്ല. കണ്ണിൽച്ചോരയില്ലാത്തവരുടെയിടയിൽ ജീവിക്കേണ്ടിവന്ന ജെസ്സി ഓവൻസിന് പിന്നീട് ജീവിക്കാനായി പന്തയക്കുതിരകളോടുവരെ മത്സരിക്കേണ്ട ഗതികേടാണ് വന്നുചേർന്നത്. ബെർലിൻ ഒളിമ്പിക്‌സോടെ നാട്ടിൽ വീരപുരുഷനായി മാറിയെങ്കിലും ജീവിക്കാൻവേണ്ടി പിന്നെയും ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.
ഒരിക്കൽ 2000 ഡോളർ വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ ഓവൻസ് ഒരു കുതിരക്കൊപ്പം മത്സരിച്ചോടാൻ തയ്യാറായി. ഒരു ഒളിമ്പിക് ചാമ്പ്യൻ ഇത്തരം വിനോദങ്ങൾക്ക് തയ്യാറാവുന്നത് നാണക്കേടാണെന്നു പറഞ്ഞ കൂട്ടുകാരോട്, ‘ഒളിമ്പിക് മെഡൽകൊണ്ട് വിശപ്പടക്കാനാവില്ലല്ലോ‘ എന്നായിരുന്നു ഓവൻസ് ചോദിച്ചത്.
ജെസ്സിയോട് സൗഹൃദം കാട്ടാൻ അമേരിക്കയിലെ ഭരണാധികാരികൾ തയ്യാറായില്ലെങ്കിലും ഒളിമ്പിക് മുദ്രാവാക്യമായ ആഗോളസൗഹൃദം മുറുകെപ്പിടിക്കാൻ ജെസ്സി തയ്യാറായിരുന്നു.
1913 സെപ്തംബർ 12ന് അലബാമയിലെ ഡാൻവിലിൽ ജനിച്ച ജെസ്സിയുടെ മുത്തച്ഛനൊരു അടിമയായിരുന്നു. ഏഴാമത്തെ വയസ്സിൽ ജോലി ചെയ്യാനിറങ്ങിയ ജെസ്സിയും കുടുംബവും ക്ലീവ്‌ലാൻഡിലെത്തി. നാഷണൽ ഹൈസ്‌കൂൾ റെക്കാർഡ് തിരുത്തിയെഴുതിക്കൊണ്ട് കളിക്കളത്തിൽ കുതിപ്പുതുടങ്ങിയ ജെസ്സിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
പക്ഷേ, ആ കറുത്തവർഗ്ഗക്കാരൻ എല്ലായ്‌പ്പോഴും അവഗണിക്കപ്പെട്ടു. ഹിറ്റ്‌ലർ മാത്രമല്ല, സ്വന്തം രാജ്യത്തിലെ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽട്ടും ഒന്ന് അഭിനന്ദിക്കാൻ പോലും തയ്യാറായില്ല. വൈറ്റ് ഹൗസിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടതുമില്ല. എങ്കിലും ന്യൂയോർക്ക് സിറ്റിയിലും ക്ലീവ്‌ലാൻഡിലും പരേഡും സ്വീകരണവുമുണ്ടായി. അമച്വർ അത്‌ലറ്റിക് ഫെഡറേഷനാവട്ടെ സ്വീഡിഷ് മീറ്റിൽ പങ്കെടുക്കാത്തതിന്റെ പേരിൽ മികച്ച കായികതാരങ്ങൾക്കുള്ള സള്ളിവൻ അവാർഡ് നൽകാതെ ജെസ്സിയെ വിലക്കാനാണിഷ്ടപ്പെട്ടത്.
1935-ൽ നാല് ലോകറെക്കാർഡുകൾ ജെസ്സി സ്വന്തം പേരിൽ കുറിച്ചിട്ട സമയത്ത് അപ്രശസ്തനായ ഗോൾഫ് താരം ലോസൻ ലിറ്റിലിനാണ് അവാർഡ് സമ്മാനിച്ചത്. ഒളിമ്പിക്‌സിൽ നാലുസ്വർണം നേടി ഇതിഹാസമായിമാറിയ സന്ദർഭത്തിൽ ഈ അവാർഡ് കൊടുത്തത് ഡക്കാത്‌ലൺ ചാമ്പ്യനായ ഗ്ലെൻ മോറിസിനും.
ഒളിംപിക്‌സിന് ശേഷം ജെസ്സി, പ്രസിഡന്റ് സ്ഥാനാർത്ഥിയായ ആൽഫ് ലാന്റന്റെ സഹായിയായി. പിന്നീട് ക്ലീവ്‌ലാൻഡിൽ പ്ലേഗ്രൗണ്ട് ഇൻസ്ട്രക്ടറായിട്ടാണ് ജെസ്സി ജോലി ചെയ്തത്. ശമ്പളം 130 ഡോളർ. ബെർലിനിലെ ഹീറോ എന്ന നിലയിൽ ജെസ്സിയുടെ സ്‌റ്റേജ് എക്‌സിബിഷനുകളും സംഘടിപ്പിക്കാൻ ശ്രമമുണ്ടായി. ജെസ്സിയെ വിറ്റ് കാശുണ്ടാക്കുക എന്നതായിരുന്നു പ്രൊമോട്ടർമാരുടെ ലക്ഷ്യം. ഇവിടെ ജെസ്സി ഓടേണ്ടിവന്നത് കുതിര, പട്ടി, മോട്ടോർ സൈക്കിൾ എന്നിവയ്‌ക്കെതിരെ! അവിടെ തളർന്നപ്പോൾ വീണ്ടും പഴയ ജോലിയിലേക്ക്. പ്ലേ ഗ്രൗണ്ട് ഇൻസ്‌ക്ട്രറായിട്ടുതെന്ന.
1950-ൽ മാത്രമാണ് ജെസ്സി ഓവൻസിന് സാമ്പത്തിക ദുരിതത്തിൽ നിന്ന് അൽപമെങ്കിലും മോചനമായത്. ഒരു പബ്ലിക് റിലേഷൻസ് സ്ഥാപനം തുടങ്ങിയതിനുശേഷം. 1968-നുശേഷം യുഎസ് ഒളിമ്പിക് സമിതിയും ജെസ്സിയെ അംഗീകരിക്കാൻ തയ്യാറായി.
‘ബ്ലാക്ക് തിങ്ക്’, ‘ഐ ഹാഫ് ചേഞ്ച്ഡ്’ തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം എഴുതിയിരുന്നു. നീഗ്രോ താരങ്ങളുടെ വിഹ്വലതകളും തന്റെ അനുഭവങ്ങളുമാണ് ഇതിൽ കൂടുതലും പരാമർശിച്ചത്.
ഒടുവിൽ 1980-ൽ ജെസ്സി ഓവൻസ് എന്ന മഹാനായ അത്‌ലറ്റ് ലോകത്തോട് വിടപറഞ്ഞു. സിഗരറ്റിന് അടിമയായിരുന്ന ഓവൻസ് ശ്വാസകോശാർബുദത്തെ തുടർന്ന് 1980 മാർച്ച് 31ന് അരിസോണയിൽ വച്ചായിരുന്നു ഭൂമിയിലെ ജീവിതത്തോട് വിടപറഞ്ഞത്.
66-ാമത്തെ വയസ്സിൽ അന്തരിച്ചിട്ടും ജെസ്സി ഓവൻസ് സൃഷ്ടിച്ചെടുത്ത ഇമേജ് കായികവേദിക്ക് ആവേശത്തോടെ മാത്രമേ ഓർക്കാനാവൂ.
ഒരൊറ്റ ഒളിമ്പിക്‌സിലേ അദ്ദേഹം മെഡൽ നേടിയിട്ടുള്ളു. പക്ഷേ, അമേരിക്ക ഈ സത്യം തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്.
1988 ജൂലൈ 12. അന്ന് അമേരിക്കൻ ജനപ്രതിനിധി സഭ അപൂർവ്വമായൊരു നിയമനിർമ്മാണം നടത്തി. പരേതനായ ജെസ്സി ഓവൻസിന് അഞ്ചാമതൊരു സ്വർണമെഡൽ കൂടി സമ്മാനിക്കാൻ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള നിയമവ്യവസ്ഥ.
















