ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജില്ലകളിലേര്‍പ്പെടുത്തിയ നിരോധനാജ്ഞ പത്താം ദിവസവും തുടരുന്നു. കൊടുംഭീകരനും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറുമായ ബുര്‍ഹാന്‍ വാനിയെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച പശ്ചാത്തലത്തില്‍ കശ്മീരില്‍ സംഘര്‍ഷം പൊട്ടി പുറപ്പെടുകയായിരുന്നു. ഇതേ തുര്‍ന്നായിരുന്നു പത്ത് ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
സംഘര്‍ഷങ്ങളില്‍ ഇതുവരെയായി 41 പേരാണ് മരണപ്പെട്ടത്. ശനിയാഴ്‌ച്ച കുപ്‌വാരയില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്ക് നേരെ നടത്തിയ വെടിവയ്‌പ്പില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. ഇതോടെയാണ് മരണ സംഖ്യ 41 ആയത്. വെടിവയ്‌പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഘര്‍ഷങ്ങള്‍ക്ക് കാരണം മാധ്യമങ്ങളാണെന്ന് ആരോപിച്ച് മൂന്നു ദിവസത്തേക്ക് പത്രങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമസ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിനു പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. മാധ്യമങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് പലയിടങ്ങളിലും മാധ്യമപ്രവര്‍ത്തകരുടെ പ്രകടനങ്ങള്‍ നടന്നു.
കേബിള്‍ ടിവികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചിട്ടുണ്ട്. ഒരു ദിവസത്തേക്കായിരുന്നു കേബിള്‍ ടിവികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ട് ഇന്ത്യന്‍ ടിവി ചാനലുകളും എല്ലാ പാക്കിസ്ഥാന്‍ ടിവി ചാനലുകളും ഒഴിവാക്കാമെന്ന് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.
തെക്കന്‍ കശ്മീരില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ബിഎസ്എന്‍എലിന്റെ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത പോസ്റ്റ് പേയിഡ് കണക്ഷനുകള്‍ ലഭിക്കും.
ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്. അടുത്ത നാല് ദിവസത്തേയ്‌ക്കുള്ള ഇന്റര്‍വ്യൂകളും നിര്‍ത്തി വച്ചിരിക്കുകയാണ്. സ്‌ക്കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും നിരോധനാജ്ഞയെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്.















