ചെന്നൈ: ഇന്ത്യൻ പ്രീമിയർ ഫുട്‌സാലിൽ ആദ്യ മത്സരം കളിക്കാനിറങ്ങിയ കൊച്ചിക്ക് മിന്നുന്ന വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്ക് റയാൻ ഗിഗ്‌സിന്റെ മുംബൈയെയാണ് മൈക്കൽ സാൽഗാഡോയുടെ നേതൃത്വത്തിലുള്ള കൊച്ചി തകർത്തത്.
കൊച്ചിക്കുവേണ്ടി മൊറെയ്‌സ് രണ്ട് ഗോളുകൾ നേടി. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 25-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മൊറെയ്‌സ് കൊച്ചിക്ക് ലീഡ് സമ്മാനിച്ചു. എന്നാൽ നാല് മിനിറ്റിനുശേഷം ആഞ്ചലോട്ടിലൂടെ മുംബൈ സമനില പിടിച്ചു. പിന്നീട് 32-ാം മിനിറ്റിൽ മൊറെയ്‌സിലൂടെ കൊച്ചി ലീഡ് നേടി. തൊട്ടടുത്ത മിനിറ്റിൽ ജെകാബർട്ടിലൂടെ ലീഡ് ഉയർത്തി. 38-ാം മിനിറ്റിൽ മാർക്വീ താരം മൈക്കൽ സാൽഗാഡോയും ലക്ഷ്യം കണ്ടതോടെ കൊച്ചിക്ക് 4-1ന്റെ തകർപ്പൻ വിജയം.
















