അങ്കാറ: തുര്‍ക്കി സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാനുള്ള ഒരു വിഭാഗം പട്ടാളത്തിന്റെ ശ്രമം പൊളിഞ്ഞു. എന്നാല്‍ വിമത സൈന്യം നടത്തിയ അക്രമങ്ങളിലും സംഘര്‍ഷത്തിലുമായി 250 പേര്‍ കൊല്ലപ്പെട്ടു. 1,154 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. അട്ടിമറി ശ്രമങ്ങള്‍ക്കു പിന്നില്‍ മുസ്ലിം മൗലവി ഫെത്തുള്ള ഗുലനാണെന്നാണ് സൂചന. ഭരണം സര്‍ക്കാരില്‍ സുരക്ഷിതമാണെന്ന് പ്രസിഡന്റ് തയ്യിബ് എര്‍ദോഗാന്‍ തുര്‍ക്കി ജനതയെ അറിയിച്ചു. ഗുലനുമായി അടുത്ത ബന്ധമുള്ള 750 പോലീസുകാരെയും 2830 പട്ടാളക്കാരെയും 1800 പൗരന്മാരെയും തടവിലാക്കിയിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പട്ടാളം ശ്രമം നടത്തിയതോടെ ജനങ്ങള്‍ തെരുവിറങ്ങി വിമതരെ ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലരുവോളം തലസ്ഥാനമായ അങ്കാറയിലും ഇസ്താന്‍ബുളിലും ആയുധവര്‍ഷങ്ങളും അക്രമങ്ങളും തുടര്‍ന്നു. പാര്‍ലമെന്റ് മന്ദിരത്തിനു നേരെയും ബോംബാക്രമണമുണ്ടായി. ഈ അക്രമങ്ങളിലാണ് ജനങ്ങള്‍ കൊല്ലപ്പെട്ടത്.
ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാറാണിത്. ഏത് ആപത്ഘട്ടത്തെയും നേരിട്ട,് വിമതരെ ഞങ്ങള്‍ ചെറുക്കുമ്പോള്‍ ഒരിക്കലും അവര്‍ക്ക് വിജയിക്കാനാവില്ലെന്ന് ഇസ്താന്‍ബുളിലെ അട്ടാടര്‍ക്ക് വിമാനത്താവളത്തിന് പുറത്ത് ആഹ്ലാദപ്രകടനം നടത്തിയ ജനക്കൂട്ടത്തോടായി പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു. അട്ടിമറിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ബിനാലി യില്‍ദിരിം പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ നടക്കുന്ന അഞ്ചാമത്തെ അട്ടിമറിശ്രമമാണിത്.
അട്ടിമറിയ്‌ക്ക് നേതൃത്വം നല്‍കിയ ഫെത്തുളള ഗുലനാകട്ടെ ഒരു കാലത്ത് പ്രസിഡന്റ് എര്‍ദോഗാന്റെ അടുത്ത കൂട്ടാളിയുമായിരുന്നു. പോലീസിലും സൈന്യത്തിലും നീതിന്യായവകുപ്പിലുമെല്ലാം ഇദ്ദേഹത്തിന് നല്ല സ്വാധീനവുമുണ്ടായിരുന്നു. രാഷ്‌ട്രീയ കലാപങ്ങളും തന്നിഷ്ടപ്രകാരമുള്ള എര്‍ദോഗന്റെ ഭരണവും കുര്‍ദിഷ് പ്രദേശത്തെ പ്രക്ഷോഭവുമെല്ലാം തുര്‍ക്കിയിലെ ഭരണത്തെ അലങ്കോലപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് എര്‍ദോഗനും ഗുലനുമിടയിലെ ബന്ധം വഷളായത്. വെള്ളിയാഴ്ച രാത്രിയിലാണ് അട്ടിമറി ശ്രമം തുടങ്ങിയത്. ജനാധിപത്യം പുനസ്ഥാപിക്കാന്‍ സൈന്യം നിയന്ത്രണം പിടിച്ചടക്കിയെന്ന സൈന്യത്തിന്റെ പ്രസ്താവനയാണ് അട്ടിമറി ശ്രമം വെളിച്ചത്തു കൊണ്ടുവന്നത്. ഇതോടെ യുദ്ധവിമാനങ്ങള്‍ മൂളിപ്പറന്നു. തോക്കുകള്‍ തീ തുപ്പിത്തുടങ്ങി. പാലങ്ങളും മറ്റും യുദ്ധടാങ്കുകള്‍ കൊണ്ട് അടച്ചു. ഇതോടെ വിമതര്‍ക്ക് എതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയായിരുന്നു. ഇവര്‍ക്ക് എതിരെ സൈന്യം വെടിയുതിര്‍ത്തു. ഈ വെടിവയപ്പുകളിലാണ് ജനങ്ങള്‍ മരിച്ചുവീണത്.
ആക്രമണങ്ങളെ ചെറുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ തുര്‍ക്കിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐഎസിനെ പരാജയപ്പെടുത്താന്‍ ഐക്യരാഷ്‌ട്രസഭ നടത്തുന്ന എല്ലാ ശ്രമങ്ങളിലും പങ്കാളിയാണ് നാറ്റോ അംഗമായ തുര്‍ക്കി. സിറിയയ്‌ക്കും ഇറാഖിനുമെതിരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് തുര്‍ക്കിയുടെ എയര്‍ബേസുകളാണ് ഉപയോഗിക്കുന്നത്.















