ന്യൂദല്‍ഹി: കാശ്മീര്‍ സംഘര്‍ഷത്തില്‍ ഇടപെടാനുള്ള പാക് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭാരതം രൂക്ഷമായ ഭാഷയില്‍ പ്രതിഷേധിച്ചു. ഭാരതത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ അയല്‍രാജ്യം ഇടപെടാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ല. ജൂലൈ 19 കരിദിനമായി ആചരിക്കാനുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു.പാക്കിസ്ഥാന്‍ ഭീകരരെ പിന്തുണയ്‌ക്കുകയാണെന്ന് വ്യക്തമാണ്. കള്ളത്തരം പ്രചരിപ്പിക്കലാണ് പാക്കിസ്ഥാന്‍.
ആഭ്യന്തര വിഷയങ്ങളില്‍ നിരന്തരം ഇടപെടാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ അനുവദിക്കില്ല. പാക്കിസ്ഥാനോ മറ്റു ബാഹ്യ ശക്തികള്‍ക്കോ കാശ്മീരില്‍ കാര്യമില്ല, വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ജമ്മുകാശ്മീരിലും ഭാരത അതിര്‍ത്തികളിലും സംഭവിക്കുന്ന സ്ഥിതിഗതികളില്‍ പാക്കിസ്ഥാന്റെ ഇടപെടലുകള്‍ ആശങ്കാജനകമാണ്. കാശ്മീരിലും അതിര്‍ത്തികളിലും പാക്കിസ്ഥാന്‍ നടത്തുന്ന ഇടപെടലുകളും അംഗീകരിക്കില്ല. ഉഭയകക്ഷി ചര്‍ച്ചകളെയും ബന്ധത്തെയും സമാധാന മാര്‍ഗ്ഗത്തിലെത്തിക്കുന്നതില്‍ പാക്കിസ്ഥാന്‍ അനുകൂലമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വികാസ് സ്വരൂപ് പറഞ്ഞു.
















