ന്യൂദല്‍ഹി: 3900 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്ടര്‍ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെ പ്രതിചേര്‍ക്കണമോയെന്ന് തീരുമാനിക്കേണ്ടത് സിബിഐയാണെന്ന് സുപ്രീംകോടതി. അഴിമതിക്കേസില്‍ സോണിയ, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, അഹമ്മദ് പട്ടേല്‍ എന്നിവരെ പ്രതിചേര്‍ക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ്മ നല്‍കിയ പൊതുതാല്പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇവര്‍ക്ക് എതിരെ ഇറ്റാലിയന്‍ കോടതിയുടെ പരാമര്‍ശം ഉണ്ടായിട്ടും കേസ് എടുത്തില്ലെന്നാണ് ശര്‍മ്മയുടെ പരാതി.
കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സോണിയ്‌ക്ക് എതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കണമോയെന്ന് സിബിഐയാണ് തീരുമാനിക്കേണ്ടതും. അതിനാല്‍ സോണിയയെ പ്രതിചേര്‍ക്കണമെന്ന് തങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല. കോടതി വ്യക്തമാക്കി. തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐയാണ് ഇത് തീരുമാനിക്കേണ്ടത്. തെളിവുണ്ടെങ്കിലും ഇവര്‍ക്ക് എതിരെ കേസ് എടുത്തില്ലെങ്കില്‍ വീണ്ടും ശര്‍മ്മയ്‌ക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 12 കോപ്ടറുകളുടെ കരാര്‍ ലഭിക്കാന്‍ കമ്പനി ഇടനിലക്കാര്‍ക്കും ഭാരതത്തിലെ ചില രാഷ്‌ട്രീയ നേതാക്കള്‍ക്കും കോഴ കൊടുത്തെന്നാണ് കേസ്. ഇറ്റാലിയന്‍ കോടതിയുടെ വിധിയില്‍ സോണിയയുടേയും മന്‍മോഹന്‍ സിങ്ങിന്റെയും അഹമ്മദ് പട്ടേലിന്റെയും പേരുണ്ട്. ഇവര്‍ കോഴ കൈപ്പറ്റിയതായും കോടതി വിധിയില്‍ വ്യക്തമാക്കുന്നു. ശര്‍മ്മ ഹര്‍ജിയില്‍ പറയുന്നു.
















