ലക്‌നൗ: ഒറ്റക്കാലുമായി എവറസ്റ്റ് കീഴടക്കി നിശ്ചയദാര്‍ഢ്യത്തിന്റെ ഭാരതീയ വനിതയായി മാറിയ അരുണിമ സിന്‍ഹ മറ്റൊരു ലക്ഷ്യവും കീഴടക്കി. ഇന്തോനേഷ്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി കീഴടക്കിയാണ് പുതിയ ചരിത്രം കുറിച്ചത്. 4484 മീറ്റര്‍ ഉയരത്തിലുള്ള കാര്‍സ്റ്റന്‍സ് പിരമിഡ് കീഴടക്കാമെന്നുള്ളത് ഏറ്റവും വിഷമം പിടിച്ച കാര്യമാണ്. എന്നാല്‍ അരുണിമയുടെ നിശ്ചയദാര്‍ഡ്യത്തിനുമുമ്പില്‍ തടസ്സങ്ങള്‍ നീങ്ങുകയായിരുന്നു.
എല്ലാ ഭൂഖണ്ഡങ്ങളിലെയും ഏറ്റവും വലിയ കൊടുമുടികള്‍ കീഴടക്കി ഭാരതത്തിന്റെ പതാക പാറിക്കുകെയന്നത് അരുണിമയുടെ ലക്ഷ്യമാണ്. ലോകത്തെ അഞ്ച് കൊടുമുടികള്‍ അരുണിമ കീഴടക്കിയിട്ടുണ്ട്. എവറസ്റ്റ്, ആഫ്രിക്കയിലെ കിൡമഞ്ചാരോ, യുറോപ്പിലെ എല്‍ബ്രസ്, ആസ്‌ട്രേലിയയിലെ കൊസിക്കോ, അര്‍ജന്റീനയിലെ അക്കോണ്‍കോഗോ, ഇപ്പോള്‍ ഇന്‍ഡോനേഷ്യയിലെ കാര്‍സ്റ്റന്‍സ് പിരമിഡ് (പുന്‍കാക്ക് ജയ).
1988ല്‍ ജനിച്ച അരുണിമ എവറസ്റ്റ് കീഴടക്കുന്ന ആദ്യ പൂര്‍ണ്ണ ശാരീരിക ക്ഷമതയില്ലാത്ത ഭാരതീയ വനിതയാണ്. ദേശീയ വോളിബോള്‍ താരമായിരുന്ന അരുണിമയെ 2011ല്‍ ട്രെയിന്‍ യാത്രക്കിടെ കള്ളന്‍മാര്‍ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണിമ സിന്‍ഹക്ക് നാല് മാസമാണ് അന്ന് ആശുപത്രിയില്‍ കഴിയേണ്ടി വന്നത്. ഒരു കാല്‍ മുറിച്ചു മാറ്റേണ്ടിയും വന്നു. ഒറ്റക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ ആശുപത്രിയില്‍ കിടക്കവേയാണ് അരുണിമ കൊടുമുടി പോലെ ഉറച്ച ഒരു തീരുമാനമെടുത്തത്. ആശുപത്രി വിട്ടാല്‍ എവറസ്റ്റ് കീഴടക്കാനുള്ള ശ്രമം തുടങ്ങും. കേട്ടവര്‍ക്ക് അവിശ്വസനീയമായാണ് ആദ്യം തോന്നിയത്. പക്ഷേ അരുണിമക്ക് അതൊരു ദൃഢ നിശ്ചയമായിരുന്നു. അതിനുമുമ്പില്‍ ലക്ഷ്യം കീഴടങ്ങുകയായിരുന്നു.
















