ആഗ്ര: ഏറ്റവും വേഗതയിലോടുന്ന ട്രെയിന്‍കോച്ചായ താല്‍ഗോയുടെ രണ്ടാഘട്ട പരീക്ഷണയോട്ടവും വിജയകരമായി. മണിക്കൂറില്‍ 180 കിലോ മീറ്ററാണ് താല്‍ഗോയുടെ വേഗത. മധുര മുതല്‍ പല്‍വാള്‍ വരെയായിരുന്നു പരീക്ഷണയോട്ടം. ബുധേശ്വര്‍ മുതല്‍ റുണ്ഡി സ്‌റ്റേഷന്‍ വരെയുള്ള 86 കിലോമീറ്റര്‍ താല്‍ഗോ വെറും 39 മിനിട്ടുകള്‍കൊണ്ടാണ് താണ്ടിയത്.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഗതിമാന്‍ എക്‌സ്പ്രസിന്റെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്. മൂന്നാം ഘട്ടത്തില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ പരീക്ഷണ ഓട്ടം നടത്താനാണ് റെയില്‍വേ പദ്ധതിയിടുന്നത്. മണിക്കൂറില്‍ 350 കിലോമീറ്ററാണ് ട്രെയിന്‍ സഞ്ചരിക്കുന്ന ഏറ്റവും ഉയര്‍ന്ന വേഗത. സ്പാനിഷ് എന്‍ജിനിയര്‍മാരുടെയും ലഖ്‌നൗവിലെ റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്റേര്‍ഡ് ഓര്‍ഗനൈസേഷന്റെയും നേതൃത്വത്തിലാണ് താല്‍ഗോ പരീക്ഷണയോട്ടം നടന്നത്.
താല്‍ഗോയ്‌ക്ക് വാരാണസിയില്‍ നിര്‍മ്മിച്ച 4,500 എച്ച്പി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണുള്ളത്. ഒഴിഞ്ഞ ഒമ്പത് കോച്ചുകളുമായാണ് താല്‍ഗോ പരീക്ഷണ ഓട്ടം നടത്തിയത്. അടുത്ത ഘട്ടത്തില്‍ മണല്‍ നിറച്ച ചാക്കുകള്‍ സീറ്റുകളില്‍ വച്ചാണ് ഓട്ടം നടത്തുകയെന്ന് ആഗ്ര അഡീഷണല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. വേഗത കുറയ്‌ക്കാതെ തന്നെ വളവുകള്‍ തിരിക്കാന്‍് പാകത്തിനും വേഗത്തില്‍ സഞ്ചരിക്കുന്നതിന് ഘനം കുറഞ്ഞ അലുമിനിയം ഉപയോഗിച്ചുമാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള ട്രെയിനുകളുടെ 30 ശതമാനം വൈദ്യുതി കുറച്ചുമതി താല്‍ഗോ അതിവേഗ ട്രെയിനുകള്‍ക്ക് .
എക്‌സിക്യൂട്ടീവ് നിലവാരത്തിലുള്ള രണ്ട് ക്ലാസുകളാണ് ട്രെയിനിന് ഉള്ളത്. ഇത് കൂടാതെ ഭക്ഷണശാലയും ചെയര്‍ കാറും. ഒടുവിലത്തെ കോച്ചില്‍ അധികൃതര്‍ക്കും മറ്റുള്ള സാധനങ്ങള്‍ സൂക്ഷിക്കാനും ഉപയോഗിക്കുന്നു.
റെയില്‍വേയുടെ ചരിത്രത്തിലെ വലിയൊരു വിജയമാണിതെന്ന് ആഗ്ര അഡീഷണല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ദിലീപ് കുമാര്‍ അറിയിച്ചു. അതിവേഗത്തില്‍ പായുന്ന ട്രെയിന്‍ ഒരു അത്ഭുതമാണെന്ന് ട്രെയിന്‍ നിയന്ത്രിച്ച ലോക്കോപൈലറ്റ് വിവേക് ശര്‍മ്മ പറഞ്ഞു.
ആദ്യ പരീക്ഷണയോട്ടം നടന്നത് മെയ് 29നായിരുന്നു. ബറേലി മുതല്‍ മൊറാദാബാദ് വരെയുള്ള 90 കിലോമീറ്റര്‍ ദൂരത്തില്‍ 80 മുതല്‍ 115 കിലോ മീറ്റര്‍വരെ വേഗതയിലാണ് ഓട്ടം നടത്തിയത്..
















