ചെന്നൈ: മദ്രാസ് ഐഐടിയില്‍ ഒരു മണിക്കുര്‍ ഇടവേളയില്‍ രണ്ട് ആത്മഹത്യ. ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസറുടെ ഭാര്യ വിജയലക്ഷ്മിയും മഹേശ്വരി എന്ന വിദ്യാര്‍ത്ഥിനിയുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരേയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
വിജയലക്ഷ്മി ക്വാര്‍ട്ടേഴ്‌സിലും മഹേശ്വരി ഹോസ്റ്റലിലുമായാണ് ആത്മഹത്യ ചെയ്തത്. മഹേശ്വരിയെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഹോസ്റ്റല്‍ മുറിയില്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ആത്മഹത്യ വിവരം പുറം ലോകമറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ എന്തിനാണ് ആത്മഹത്യ ചെയ്തതെന്നതിനെ സംബന്ധിച്ച് ആത്മഹത്യകുറിപ്പുകള്‍ അടക്കമുള്ള ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഭര്‍ത്താവിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് വിഷാദവതിയായാണ് മഹേശ്വരിയെ കണ്ടതെന്ന് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു.
രണ്ട് കുട്ടികളുടെ അമ്മയായ വിജയലക്ഷ്മി മുന്‍പും ആത്മഹത്യ ശ്രമം നടത്തിയതായിട്ടുണ്ട്. മൂത്ത മകന്റെ ആരോഗ്യസ്ഥിതിയില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു. വൈകിട്ട് ജോലിക്ക് ശേഷം ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ വിജയശാന്തിയെ കണ്ടെത്തിയത്.
ഇരു മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനായി റോയപേട്ടയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒറ്റ ദിവസമുണ്ടായ രണ്ട് മരണങ്ങള്‍മൂലം മൂകതയിലായിരിക്കുകയാണ് മദ്രാസ് ഐഐടി.
















