ബാഴ്‌സലോണ: ഫ്രഞ്ച് പ്രതിരോധനിരയിലെ കരുത്തനും പിഎസ്ജി താരവുമായ ലൂക്കാസ് ഡിഗ്‌നെ ബാഴ്‌സലോണയിൽ. ഏകദേശം 122 കോടിയോളം രൂപയ്‌ക്കാണ് ഡിഗ്‌നെ ബാഴ്‌സയുടെ കരാർ ഒപ്പിട്ടത്. അഞ്ച് വർഷത്തേക്കാണ് കരാർ.
2011-ൽ ഫ്രഞ്ച് ക്ലബ് ലില്ലെയിലൂടെ കരിയർ തുടങ്ങിയ ഡിഗ്‌നെ 2013-ലാണ് അഞ്ച് വർഷത്തെ കരാറിൽ പിഎസ്ജിയിലെത്തിയത്. പലപ്പോഴും പകരക്കാരുടെ ബെഞ്ചിലായിരുന്ന ഡിഗ്‌നെ രണ്ട് സീസണുകളിലായി 43 കളികളിൽ മാത്രമാണ് കളത്തിലിറങ്ങിയത്. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബ് റോമക്കായി വായ്‌പാടിസ്ഥാനത്തിൽ കളിക്കാനിറങ്ങി. കഴിഞ്ഞ സീസണിൽ 33 സീരി എ മത്സരങ്ങളുൾപ്പെടെ 42 മത്സരങ്ങളിൽ കളിച്ച താരം മൂന്ന് ഗോളുകളും നേടി.
2014-ൽ ഫ്രഞ്ച് ടീമിൽ അംഗമായ ഡിഗ്‌നെ 13 മത്സരങ്ങളിൽ ദേശീയ ജേഴ്‌സി അണിഞ്ഞു. ഇക്കഴിഞ്ഞ യൂറോ കപ്പിൽ ഫൈനലിൽ എത്തിയ ഫ്രഞ്ച് ടീമിലും കഴിഞ്ഞ ലോകകപ്പിലും ഡിഗ്‌നെ അംഗമായിരുന്നു.
കഴിഞ്ഞ ദിവസം മറ്റൊരു ഫ്രഞ്ച് താരമായ സാമുവൽ ഉംറ്റിറ്റിയെയും ബാഴ്‌സ സ്വന്തമാക്കിയിരുന്നു. 25 മില്യൺ യൂറോക്ക് ലിയോണിൽ നിന്നുമാണ് താരത്തെ കറ്റാലൻസ് വാങ്ങിയത്. അഞ്ച് വർഷത്തെ കരാറാണ് ഉംറ്റിറ്റിയുമായി ക്ലബ് ഒപ്പിട്ടത്. ഇക്കഴിഞ്ഞ യൂറോകപ്പ് ഫൈനലുൾപ്പെടെ മൂന്ന് മത്സരങ്ങളിൽ താരം ദേശീയ ജേഴ്‌സിയണിഞ്ഞു.
അതേസമയം ഡച്ച് ക്ലബ് അൽകമാറിൽ നിന്ന് വിൻസന്റ് ജാൻസണെ പ്രീമിയർ ലീഗ് ടീം ടോട്ടനം 17 മില്യൺ പൗണ്ടിന് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: