തുറവൂര്‍: ഭരണമാറ്റവും തുണച്ചില്ല. കാക്കത്തുരുത്തുകാരിപ്പോഴും തീരാ ദുരിതത്തില്‍. ഒരേ സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടും കാക്കത്തുരുത്തുകാരിപ്പോഴുംഅവഗണനയുടെ തുരുത്തില്തന്നെ.
സര്‍ക്കാരുകളെല്ലാം അടിസ്ഥാന സൗകര്യ വികസനത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും മുന്‍ഗണന നല്കുമ്പോഴും ജില്ലയുടെ വടക്കേ അറ്റത്തുള്ള കാക്കത്തുരത്ത് ദ്വീപ് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. പുറംലോകത്തില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയുന്ന ദ്വീപ് നിവാസികള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കെല്ലാം പടിഞ്ഞാറു ഭാഗത്തുള്ള എരമല്ലൂരിലോ കിഴക്കുവശത്തെ കുടപ്പുറത്തോ എത്തണം.
പ്രദേശവാസികളില്ഭൂരിഭാഗവും വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് കാക്കത്തുരുത്തിനെ എരമല്ലൂരുമായി ബന്ധിപ്പിക്കുന്ന പാലം ദ്വീപ് നിവാസികളുടെ ചിരകാല അഭിലാഷമാണ്. ആശുപത്രി, സ്കൂള്‍, ബാങ്ക്, പഞ്ചായത്ത്, വില്ലേജ് ഓഫീസ് തുടങ്ങി സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ജനങ്ങള്‍ എരമല്ലൂരിലോ കുടപുറത്തോ എത്തേണ്ട ദുരവസ്ഥയാണ്.
ചെറുവള്ളങ്ങളെ ആശ്രയിച്ചാണ് ഇവര്‍ മറുകരകളിലെത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാലം നിര്‍മ്മിക്കുന്നതിന് പദ്ധതി തയാറാക്കിയിരുന്നെങ്കിലും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്ന് നിര്‍മ്മാണം തുടങ്ങാനായില്ല.
പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പ് കാലത്ത് പ്രമുഖ മുന്നണികളെല്ലാം നിര്‍മാണത്തിനുള്ള തടസങ്ങള്‍ നീക്കി പാലം യാഥാര്‍ഥ്യമാക്കുമെന്ന വാഗ്ദാനങ്ങളുമായി രംഗത്തെത്താറുണ്ടെങ്കിലും പാലത്തിന്റെ നിര്‍മ്മാണം ഇതുവരെ നടന്നില്ല. എഴുപുന്ന പഞ്ചായത്തില്‍ ഉള്‍പെടുന്ന ഇവിടെ ഇരുന്നൂറില്പരം കുടുംബങ്ങളാണുള്ളത്.
രോഗികളെ ആശുപത്രിയിലെത്തിക്കാനും കുട്ടികളെ സ്കൂളില്‍ അയയ്ക്കാനും മറ്റേതൊരാവശ്യത്തിനും ഇവിടെയുള്ളവര്‍ ചെറുവള്ളങ്ങളെയാണ് ആശ്രയിക്കുന്നത്. മഴക്കാലത്ത് കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവനും കൈയില്‍ പിടിച്ചാണ് ദ്വീപ് നിവാസികള്‍ അക്കരെയിക്കരെ കടക്കുന്നത്.
ജില്ലയില്‍ പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി ആയിരത്തി ഇരുനൂറ് കോടി രൂപ ബജറ്റില്‍ ഉള്ക്കൊളളിച്ചെങ്കിലും ഇക്കുറിയും കാക്കത്തുരുത്ത പാലത്തിന്റെ കാര്യം മറന്ന മട്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സജീവ ചര്ചയായിരുന്ന പാലം നിര്‍മ്മാണം വീണ്ടും വിസ്മൃതിയിലേക്ക് മായുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: