സൂറിച്ച്: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ വെയ്ൽസിന് വൻ കുതിപ്പ്. 15 സ്ഥാനങ്ങൾ മുന്നേറിയ വെയ്ൽസ് 11-ാം സ്ഥാനത്തേക്കുയർന്നു. ഇംഗ്ലണ്ടിനെയും ഉറുഗ്വെയെയും പിന്തള്ളിയായിരുന്നു വെയ്ൽസ് കുതിപ്പ്. യൂറോകപ്പിൽ നടത്തിയ മിന്നുന്ന പ്രകടനമാണ് വെയ്ൽസിന് റാങ്കിങിൽ വൻ കുതിച്ചുകയറ്റം സമ്മാനിച്ചത്. ചരിത്രത്തിലാദ്യമായി യൂറോകപ്പിൽ കളിക്കാനെത്തിയ വെയ്ൽസ് സെമിയിൽ കയറി ചരിത്രം സൃഷ്ടിച്ചിരുന്നു.
അർജന്റീനയും ബെൽജിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുന്ന റാങ്കിങിൽ ആദ്യ അഞ്ച് സ്ഥാനക്കാർക്ക് മാറ്റമില്ല. യൂറോ കിരീടം നേടിയ പോർച്ചുഗൽ രണ്ട് സ്ഥാനങ്ങൾ മുന്നോട്ടുകയറി ആറാമതെത്തിയപ്പോൾ്രഫാൻസ് ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. യൂറോയിൽ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും 10 സ്ഥാനങ്ങളാണ് ഫ്രാൻസ് മുന്നോട്ടുകയറിയത്.
സ്‌പെയിനും ബ്രസീലും രണ്ട് സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി 8, 9 സ്ഥാനങ്ങളിൽ. മൂന്ന് സ്ഥാനങ്ങൾ നഷ്ടമായ ഉറുഗ്വെ 12-ാം സ്ഥാനത്തും രണ്ട് സ്ഥാനങ്ങൾ പിന്നോട്ടടിച്ച ഇംഗ്ലണ്ട് പതിമൂന്നാമതും. റാങ്കിങിൽ ഇന്ത്യയും ഏറെ നേട്ടമുണ്ടാക്കി. 11 സ്ഥാനങ്ങൾ മുന്നേറിയ ഇന്ത്യ സമീപകാലത്തെ ഏറ്റവും മികച്ച സ്ഥാനമായ 152-ൽ എത്തി.
ഏഷ്യൻ റാങ്കിങിൽ 26-ാം സ്ഥാനവും ഇന്ത്യ സ്വന്തമാക്കി. ഇറാനാണ് ഏഷ്യയിൽ ഒന്നാമത്. കൊറിയ, ഉസ്ബക്കിസ്ഥാൻ, ജപ്പാൻ എന്നിവർ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: