ചെന്നൈ: ലോകോത്തര ഫുട്‌ബോൾ താരങ്ങളെ കൊണ്ടുവന്ന് ചരിത്രം കുറിച്ച ഇന്ത്യൻ സൂപ്പർ ലീഗിന് പിന്നാലെ ഇന്ന് മുതൽ ഇന്ത്യയിൽ കുട്ടി ഫുട്‌ബോൾ ആരവങ്ങൾ. പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗ് ഫുട്‌സാലിനാണ് ഇന്ന് അരങ്ങുണരുന്നത്. ആറ് ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിന് ചെന്നൈയും ഗോവയുമാണ് വേദികൾ.
ഇന്ന് മുതൽ 24വരെയാണ് മത്സരങ്ങൾ. ഫൈനൽ വേദി ഗോവ. ഇന്നത്തെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ-മുംബൈയുമായും രണ്ടാം മത്സരത്തിൽ ഗോവ-കൊൽക്കത്തയുമായും ഏറ്റുമുട്ടും. ഫുട്‌സാൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്എഐ)യ്‌ക്കാണ് ടൂർണമെന്റിന്റെ നിയന്ത്രണം. എഫ്എഐ അസോസിയേഷൻ ഓഫ് മുൻഡിയൽ ഡി ഫുട്‌സാലിൽ അഫിയേറ്റ് ചെയ്യപ്പെട്ട സംഘടനയാണ്.
കൊച്ചിയടക്കം ആറ് ഫ്രാഞ്ചൈസി ടീമുകളാണ് പ്രഥമ പ്രീമിയർ ഫുട്‌സാലിൽ കളിക്കാനിറങ്ങുക. കൊച്ചിക്ക് പുറമെ ബെംഗളൂരു, ചെന്നൈ, ഗോവ, കൊൽക്കത്ത, മുംബൈ നഗരങ്ങളുടെ പേരിലുള്ള ഫ്രാഞ്ചൈസി ടീമുകളാണ് കളിക്കിറങ്ങുന്നത്. ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. 24ന് ഗോവയിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിൽ കൊച്ചി, ചെന്നൈ, മുംബൈ ടീമുകളും ഗ്രൂപ്പ് ബിയിൽ കൊൽക്കത്ത, ഗോവ, ബെംഗളൂരു എന്നീ ടീമുകളും അണിനിരക്കും.
കൊച്ചി ടീമിന്റെ ഉടമസ്ഥാവകാശം ഇഎസ് എന്റർടൈൻമെന്റിനും കൊൽക്കത്ത ടീമിന്റെത് ഗ്രാസ്‌റൂട്ട് എന്റർടൈൻമെന്റ് പ്രെവറ്റ് ലിമിറ്റഡിനും ചെന്നൈയുടേത് ദി ഹിന്ദു പത്രത്തിനുമാണ്. ബെംഗളൂരു ടീമി ചലച്ചിത്രതാരം പുനീത് രാജ്കുമാർ സ്വന്തമാക്കിയപ്പോൾ മുംബൈയുടെ ഉടമ ഡിസി ഡിസൈൻസും. വികിങ് മീഡിയ ആന്റ് എന്റർടൈൻമെന്റ് പ്രൈ. ലിമിറ്റാണ് ഗോവയുടെ ഉടമസ്ഥർ.
21 രാജ്യങ്ങളിൽനിന്നായി 52 താരങ്ങളാണ് മത്സരത്തിനെത്തുന്നത്. സോണി സിക്‌സ്, സോണി ഇഎസ്പിഎൻ ചാനലുകളിൽ മത്സരം തത്സമം പ്രക്ഷേപണം ചെയ്യും.
ഇൻഡോർ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. 20 മിനിറ്റ് വീതമുള്ള രണ്ട് പകുതികളിലായി നടക്കുന്ന മത്സരത്തിൽ ഒരു ടീമിൽ അഞ്ച് പേർ വീതം കളിക്കളത്തിലെത്തും. ഒരോ ടീമുകളും രണ്ടുതവണ വീതം ഏറ്റുമുട്ടും. മൊത്തം 15 മത്സരങ്ങൾ. ഓരോ ടീമിലും അഞ്ച് ഇന്ത്യൻ താരങ്ങളും ഏഴ് വിദേശ താരങ്ങളുമടക്കം 12 പേർ. ഇതിൽ മാർക്വീതാരവും ഉൾപ്പെടും. ഒരേസമയം മാർക്വീ അടക്കം നാല് വിദേശികൾക്കും ഒരു ഇന്ത്യൻ താരത്തിനും കളിക്കാം.
ലോക ഫുട്‌ബോളിലെ സൂപ്പർ താരങ്ങളായിരുന്നവരാണ് ടീമുകളുടെ മാർക്വീ താരങ്ങൾ. സ്പാനിഷ് താരം സ്‌പെയിനിന്റെ മൈക്കൽ സാൽഗാഡോയാണ് കൊച്ചി ഫ്രാഞ്ചൈസിയുടെ മാർകീതാരം. ഫുട്‌സാലിലെ പെലെ എന്നറിയപ്പെടുന്ന ഫാൽക്കാവോ (ചെന്നൈ), ബ്രസീലിന്റെ മുൻ സൂപ്പർതാരം റൊണാൾഡീഞ്ഞോ (ഗോവ), വെയിൽസ് താരം റയാൻ ഗിഗ്‌സ് (മുംബൈ), ഇംഗ്ലീഷ് താരം പോൾ സ്‌കോൾസ് (ബെംഗളൂരു), അർജന്റീനയുടെ ഹെർനാൻ ക്രെസ്‌പോ (കൊൽക്കത്ത) എന്നിവരാണ് മറ്റ് ടീമുകളുടെ മാർക്വീ താരങ്ങൾ.
പോർച്ചുഗലിന്റെ മുൻ ലോക ഫുട്ബാളർ ലൂയിസ് ഫിഗോയാണ് ഫുട്‌സാൽ പ്രീമിയർ ലീഗ് പ്രസിഡന്റ്. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബ്രാൻഡ് അംബാസഡറും. അതേസമയം ടൂർണമെന്റിന് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ അനുമതിയില്ല. ലീഗിൽനിന്നു പിന്മാറാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അന്ത്യശാസനവും നൽകി. എന്നാൽ സെമി പ്രഫഷണൽ മാതൃകയിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിന് എഐഎഫ്എഫിന്റെ അനുമതി വേണ്ടെന്ന് ലീഗ് സംഘാടകർ വാദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: