പാട്ന: കൈക്കൂലി വാങ്ങിയ ഐഎഎസ് യുവ ഓഫീസറെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2013ലെ ബീഹാർ കേഡറിലെ ഐഎഎസ് ഓഫിസറായ ഡോക്ടർ ജിതേന്ദ്ര ഗുപ്തയെയാണ് സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ കൈയ്യോടെ പിടി കൂടിയത്.
ബീഹാറിലെ കൈമൂർ ജില്ലയിലെ മൊഹാനിയ താലൂക്കിലെ സബ് ഡിവിഷണൽ ഓഫീസറാണ് ജിതേന്ദ്ര ഗുപ്ത. കഴിഞ്ഞ ചൊവ്വാഴ്ച അനധികൃതമായി ഇരുമ്പ് പൈപ്പുകൾ കയറ്റി വന്ന നാല് ലോറികൾ ജിതേന്ദ്ര ഗുപ്തയുടെ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ലോറി വിട്ടു നൽകണമെങ്കിൽ ഒന്നര ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് ജിതേന്ദ്ര ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത്രയും തുക തനിക്ക് നൽകാനാവില്ലെന്ന് അറിയിച്ച ലോറി ഉടമ എൺപതിനായിരം രൂപ കൈക്കൂലി നൽകാൻ സമ്മതിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ ജിതേന്ദ്രക്ക് എൺപതിനായിരം രൂപ കൈക്കൂലി നൽകുകയും ചെയ്തു. ഇതേ സമയം തന്നിൽ നിന്ന് ഓഫീസർ വൻ തുക കൈപ്പറ്റിയെന്ന് ലോറി ഉടമ സംസ്ഥാന ഇന്റലിജൻസിനെ അറിയിക്കുകയും ചെയ്തു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് സംഘം ജിതേന്ദ്രയുടെ വീട് റെയ്ഡ് ചെയ്ത് പണമടങ്ങിയ ബാഗും ലോറികളുടെ രജിസ്ട്രേഷൻ പേപ്പറുകളും കണ്ടെടുത്തു. തുടർന്നാണ് ഇയാളെ സ്പെഷ്യൽ വിജിലൻസ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്.
















