ന്യൂദൽഹി: രാജ്യത്തെ പോഷകാഹാരക്കുറവ് ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിൽ സംയോജിത ശിശുവികസന പദ്ധതി പൂർണ്ണമായും നവീകരിക്കാൻ മന്ത്രാലയം തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധി പറഞ്ഞു. പോഷകാഹാരക്കുറവ് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിന് നിതി ആയോഗ്, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ തുടങ്ങിയവരുമായി ചേർന്ന് മന്ത്രാലയം പ്രവർത്തിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
വനിതാ, ശിശു പരിചരണം, ശിശു സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികളുടെ അവലോകനത്തിന് കേന്ദ്ര വനിതാശിശുവികസന വകുപ്പ് വിളിച്ചുകൂട്ടിയ സംസ്ഥാന സെക്രട്ടറിമാരുടെയും പ്രിൻസിപ്പൽ സെക്രട്ടറിമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അങ്കണവാടികളുടെ ഡിജിറ്റൽവത്ക്കരണം ആരംഭിച്ചിട്ടുണ്ടെന്നും ഓരോ കുട്ടിയുടെയും ഗർഭിണിയുടെയും മുലയൂട്ടുന്ന അമ്മയുടെയും യഥാസമയ നിരീക്ഷണത്തിനുള്ള സംവിധാനങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അങ്കണവാടി പ്രവർത്തകർക്ക് ഇതിനായി സ്മാർട്ട് ഫോണുകളും സൂപ്പർവൈസർമാർക്ക് ടാബ്ലറ്റുകളും ലഭ്യമാക്കും. പുതിയ ഐടി അധിഷ്ഠിത സംവിധാനത്തിലേക്ക് മാറുന്നതിനുള്ള പരിശീലനം സംസ്ഥാന സർക്കാരുകൾ ഇവർക്ക് നൽകണമെന്നും മന്ത്രി പറഞ്ഞു.
















