ന്യൂദൽഹി: പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. അടുത്ത നാലു വർഷം കൊണ്ട് ഒരു കോടി ജനങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 12000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 60 ലക്ഷം യുവാക്കൾക്ക് പദ്ധതി പ്രകാരം പുതുതായി പരിശീലനം നൽകുകയും 40 ലക്ഷം പേർക്ക് അനൗദ്യോഗികമായി മുൻപ് നേടിയ നൈപുണ്യങ്ങൾ സർട്ടിഫൈ ചെയ്ത് കൊടുക്കുകയും ചെയ്യും.
പരിശീലന ചെലവ് പൊതു മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിശീലന ദാതാക്കൾക്കും മൂല്യനിർണ്ണയ സ്ഥാപനങ്ങൾക്കും നേരിട്ടു മടക്കി നൽകുവാനാണ് പദ്ധതി നിർദ്ദേശിക്കുന്നത്. ട്രെയിനികൾക്കുള്ള സാമ്പത്തികസഹായം യാത്രാ ബത്ത, താമസ ചെലവ് തുടങ്ങിയ ഇനങ്ങളിൽ നൽകും. സംസ്ഥാനങ്ങളുടെ പ്രത്യേക നൈപുണ്യ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് നൈപുണ്യ വികസനത്തിനുള്ള മുഖ്യമന്ത്രിമാരുടെ ഉപസംഘം ശുപാർശ ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആകെ പരിശീലന ലക്ഷ്യത്തിന്റെ 25 ശതമാനം ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിലെ ആകെ പരിശീലന ലക്ഷ്യത്തിന്റെ 25 ശതമാനം കൈവരിക്കുന്നതിനുള്ള സാമ്പത്തിക സഹായം നേരിട്ട് സംസ്ഥാനങ്ങൾക്കും അനുവദിക്കും.
















