ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഫ്രഞ്ച് താരം ബെർണാഡ് മെൻഡിയെ ചാമ്പ്യൻക്ലബ് ചെന്നൈയിൻ എഫ്‌സി നിലനിർത്തി. പിഎസ്ജിക്കുവേണ്ടിയും ഹൾസിറ്റിക്കുവേണ്ടിയും കളിച്ച മെൻഡി 2014ലെ ആദ്യ സീസണിലാണ് ഐഎസ്എല്ലിന്റെ ഭാഗമാകുന്നത്. ചെന്നൈയിൻ എഫ്‌സിയായിരുന്നു ടീം. പ്രതിരോധനിരയിലെ കരുത്തനും വിംഗുകളിൽക്കൂടി പന്തയക്കുതിരയുടെ വേഗത്തിൽ പന്തുമായി മുന്നേറാനുമുള്ള കഴിവാണ് മെൻഡിയുടെ കരുത്ത്.
ഫ്രാൻസിന് വേണ്ടി മൂന്ന് തവണ ജേഴ്‌സിയണിഞ്ഞ ബെർണാഡ് മെൻഡി ഐഎസ്എല്ലിന്റെ കഴിഞ്ഞ രണ്ട് എഡിഷനുകളിലായി 28 മത്സരങ്ങളിൽ കളിച്ചു. ആദ്യ സീസണിൽ ടീമിന്റെ സെമിഫൈനൽ വരെയുള്ള കുതിപ്പിലും കഴിഞ്ഞ സീസണിൽ കിരീടം നേടിയപ്പോഴും പ്രതിരോധക്കോട്ട കാത്തത് മെൻഡിയുടെ നേതൃത്വത്തിലുള്ളവരായിരുന്നു. കഴിഞ്ഞ സീസണിൽ രണ്ട് ഗോളും മെൻഡി നേടി. തുടർന്ന് ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി 10 മത്സരങ്ങളിൽ കളിച്ച താരം രണ്ട് ഗോളുകളും നേടി.
















