ന്യൂദൽഹി: ഇതിഹാസ ഹോക്കിതാരം മുഹമ്മദ് ഷഹീദിനെ കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ സന്ദർശിച്ചു. കിഡ്‌നിക്കും കരളിനും രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഷഹീദിനെ ഗുഡ്ഗാവിലെ ആശുപത്രിയിലെത്തിയാണ് ഗോയൽ സന്ദർശിച്ചത്. ഈ മാസമാദ്യമാണ് ഷഹീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ഗുരുതരാവസ്ഥയിലായ 56കാരൻ മുഹമ്മദ് ഷഹീദിനെ വാരാണസിയിൽ നിന്ന് വിമാനമാർഗ്ഗമാണ് ഗുഡ്ഗാവിലെ ആശുപത്രിയിൽ എത്തിച്ചത്.
ഷഹീദിന് പത്ത് ലക്ഷം രൂപയുടെ സഹായം മുൻ കായികമന്ത്രി ജിതേന്ദ്രസിംഗ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ഇദ്ദേഹം ജോലി ചെയ്യുന്ന റെയിൽ വകുപ്പ് മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുത്തിട്ടുമുണ്ട്. മുഹമ്മദ് ഷാഹിദിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് ധൻരാജ് പിള്ള നേരത്തെ നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു.
രാജ്യം കണ്ട ഏറ്റവും മികച്ച ഹോക്കി താരങ്ങളിൽ ഒരാളാണ് ഷഹീദ്. സുന്ദരമായ ഡ്രിബ്ലിങ്ങിലൂടെ കളിക്കളം കീഴടക്കിയ ഷഹീദ് 1980ലെ മോസ്‌കോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ഹോക്കി ടീമിൽ അംഗമായിരുന്നു ഷഹീദ്. 1982ൽ ദൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെളളി നേടിയ ഹോക്കി ടീമിലും 1986ൽ സോൾ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു.
















