വൻകരകളില്ലാതെ, രാഷ്‌ട്രങ്ങളില്ലാതെ, എന്തിന് സംസ്ഥാനങ്ങളോ ജില്ലകളോ എന്ന വേർതിരിവില്ലാതെ ഒരൊറ്റ മനസ്സോടെ ലോകമൊന്നടങ്കം കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് അരങ്ങുണരാൻ ഇനി ദിവസങ്ങൾ മാത്രം. പുതിയ ഉയരം തേടുവാൻ, ദൂരം കണ്ടെത്തുവാൻ, വേഗം കണ്ടെത്തുവാൻ…………. എല്ലാവരുടെയും മനസ്സിൽ ഒരേയൊരുവാക്ക്. ഒളിമ്പിക്‌സ്.
കാൽപ്പന്തുകളിയുടെ മായിക പ്രകടനങ്ങൾ കണ്ട കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യൻഷിപ്പിനും യൂറോ കപ്പിനും ശേഷമാണ് ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കം ബ്രസീലിൽ അരങ്ങേറുന്നത്. അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന 31-ാമത് ഒളിമ്പിക്‌സിനാണ് റിയോ ഡി ജനീറോ വേദിയാകുന്നത്. ഇതോടെ കായികലോകം റിയോയിലേക്ക് ചുരുങ്ങും. ചരിത്രത്തിലാദ്യമായാണ് ബ്രസീൽ ഒളിമ്പിക്‌സിന് വേദിയാകുന്നത്.
ചരിത്രപ്രസിദ്ധമായ മാരക്കാന സ്‌റ്റേഡിയമാണ് ഒളിമ്പിക്‌സിന്റെ വേദി. ഉദ്ഘാടന ചടങ്ങും 21ന് നടക്കുന്ന സമാപനച്ചടങ്ങും മാരക്കനയിൽ.
207 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോക കായികമാമാങ്കത്തിലേക്ക് ഇതുവരെ 10293 താരങ്ങളാണ് യോഗ്യത നേടിയത്. നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്‌സ്, ഉസൈൻ ബോൾട്ട്, യോഹാൻ ബ്ലെയ്‌ക്ക്, ജസ്റ്റിൻ ഗാറ്റ്‌ലിൻ, ഷെല്ലി ആൻ ഫ്രേസർ, വെറോണിക്ക കാംപെൽ തുടങ്ങി ഇന്ത്യയുടെ ഒരേയൊരു ഒളിമ്പിക്‌സ് വ്യക്തിഗത സ്വർണ്ണമെഡൽ ജേതാവായ അഭിനവ് ബിന്ദ്ര വരെയുള്ളവർ കായിക മാമാങ്കത്തിൽ മാറ്റുരയ്‌ക്കാനെത്തുന്നു.
ചരിത്രത്തിലാദ്യമായി ഇന്ത്യ ജംബോ സംഘത്തെയാണ് റിയോയിലേക്ക് അയക്കുന്നത്. പുരുഷ-വനിതാ ഹോക്കി ടീമും പുരുഷ-വനിതാ റിലേ ടീമുമുൾപ്പെടെ 127 പേർ ഇന്ത്യൻ സംഘത്തിൽ. ഇതിൽ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ് ഉൾപ്പെടെ 10 മലയാളി താരങ്ങൾ.
ശ്രീജേഷിന് പുറെമ ടിന്റു ലൂക്ക, ഒ.പി. ജെയ്ഷ, രഞ്ജിത് മഹേശ്വരി, ടി. ഗോപി, മുഹമ്മദ് അനസ്, പി. കുഞ്ഞുമുഹമ്മദ്, സാജൻ പ്രകാശ്, അനിൽഡ തോമസ്, ജിൻസൺ ജോൺസൺ എന്നിവരാട് ഇന്ത്യൻ സംഘത്തിലെ മറ്റ് മലയാളി താരങ്ങൾ.
കെ.ടി. ഇർഫാൻ 20 കി.മീറ്റർ നടത്തത്തിൽ യോഗ്യത നേടിയിരുന്നെങ്കിലും ഏറ്റവും മികച്ച മൂന്ന് താരങ്ങൾക്കാണ് അവസരം. ഇതോടെ ഇർഫാൻ ഒളിമ്പിക്‌സിൽ നിന്ന് പുറത്തായി. 800 മീറ്ററിൽ മത്സരിക്കുന്ന ടിന്റുവിൽ നിന്ന് രാജ്യം മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ടിന്റു സ്വർണ്ണം നേടിയിരുന്നു.
ടിന്റുവിന് പുറമെ അഭിനവ് ബിന്ദ്രയടക്കമുള്ള ഷൂട്ടർമാരും യോഗേശ്വർ ദത്ത്, നർസിങ് യാദവ്, ബാഡ്മിന്റണിൽ സൈന, പി.വി. സിന്ധു എന്നിവരും മെഡൽ നേടുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ രണ്ട് വെള്ളിയും നാല് വെങ്കലവും നേടി ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്നു. ഷൂട്ടിങ്ങിൽ വിജയ്‌കുമാറും ഗുസ്തിയിൽ സുശീൽകുമാറുമാണ് വെള്ളി മെഡൽ നേടിയത്.
ബാഡ്മിന്റണിൽ സൈന നെഹ്‌വാൾ, ബോക്‌സിങിൽ മേരികോം, ഗുസ്തിയിൽ യോഗേശ്വർദത്ത്, ഷൂട്ടിങിൽ ഗഗൻ നാരംഗ് എന്നിവർ വെങ്കലം നേടി.
ഇത്തവണ രഞ്ജിത്ത് മഹേശ്വരിയും ജിൻസൺ ജോൺസണും യോഗ്യതക്കുള്ള അവസാന ദിവസമാണ് ടിക്കറ്റ് സ്വന്തമാക്കിയത്. ബെംഗളൂരുവിൽ നടന്ന നാലാമത് ഇന്ത്യൻ ഗ്രാന്റ്പ്രീയിൽ പുതിയ ദേശീയ റെക്കോർഡോ രഞ്ജിത്ത് മഹേശ്വരി റിയോ സീറ്റ് സ്വന്തമാക്കി. രഞ്ജിത് മഹേശ്വരി തുടർച്ചയായ മൂന്നാം തവണയാണ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്. 800 മീറ്ററിൽ രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം നടത്തിയാണ് ജിൻസൺ യോഗ്യത നേടിയത്.
മുഹമ്മദ് അനസ് 400 മീറ്ററിലും പി. കുഞ്ഞുമുഹമ്മദും അനിൽഡ തോമസും 4-400 മീറ്റർ റിലേയിലുമാണ് മത്സരിക്കുക. ഒ.പി. ജെയ്ഷ, ടി. ഗോപി എന്നിവർ മാരത്തണിലും നീന്തൽ താരം സാജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിലും ഇറങ്ങും.
ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നവരിൽ ഏറ്റവും വലിയ സംഘം അമേരിക്കയുടേത്. സ്പ്രിന്റ് താരം ജസ്റ്റിൻ ഗാറ്റ്‌ലിൻ ഉൾപ്പെടെ 514 പേരാണ് യുഎസ് സംഘത്തിൽ. മുന്നൂറിലേറെ താരങ്ങളുമായി ഏഴ് രാജ്യങ്ങൾ റിയോയിൽ എത്തും. ഓസ്‌ട്രേലിയ (388), ചൈന (379), ഫ്രാൻസ് (369), റഷ്യ (332), ബ്രിട്ടൺ (331), ജപ്പാൻ (326), കാനഡ (312).
















