അഹമ്മദാബാദ്: സിംഹങ്ങള്‍ നഗരത്തിലെ ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ ഗുജറാത്ത് നഗരം ഭീതിയിലായി. രണ്ടു കുട്ടികള്‍ ഉള്‍പ്പടെ എട്ട് സിംഹങ്ങളാണ് അഹമ്മദാബാദില്‍ നിന്നും 300 കിലോ മീറ്റര്‍ അകലെയുള്ള ജുനാഗഡ് നഗരത്തിലെ റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത്. ഇതിന്റെ വീഡിയോ വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത് ജനങ്ങളെ ആശങ്കയിലാഴ്‌ത്തി.
ഒരു വ്യത്യസ്ത സംഭവത്തില്‍ അമ്രേലി ജില്ലയില്‍ മൂന്ന് സിംഹങ്ങള്‍ ഒരാളെ ആക്രമിച്ചിരുന്നു. സിംഹങ്ങളുടെ സംരക്ഷണ കേന്ദ്രമായ ഗീര്‍ വനങ്ങളുടെ സമീപത്തുള്ള ഗ്രാമത്തിലാണ് സംഭവം. ആടുകളെ മേയ്‌ക്കാന്‍ പോയപ്പോഴാണ് ആക്രമണത്തിനിരയായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മെയ് വരെ ഈ മേഖലയില്‍ സിംഹങ്ങളുടെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. ഗീര്‍ വനപ്രദേശത്തിനടുത്തുള്ള സോമനാഥ് ജില്ലിയില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു.
















