ലക്നൗ: വിവാദ മത പ്രഭാഷകൻ സക്കീർ നായിക്കിനെ വധിക്കുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. സക്കീറിന്റെ തല കൊയ്യുന്നവർക്ക് 15 ലക്ഷം രൂപയാണ് ഉത്തർപ്രദേശ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഹുസൈനി ടൈഗേഴ്സ്’ എന്ന ഷിയാ വിഭാഗത്തിൽപ്പെട്ട സംഘം വാഗ്ദാനം ചെയ്തിരിക്കുന്നത്.
സക്കീർ നായിക്ക് ദുഷ്ടനാണ്, അയാൾ ഇതുവരെ ഇസ്ലാം മതത്തെയും പ്രവാചകനെയും അവഹേളിക്കുകയാണ് ചെയ്തത്, ഇത്തരത്തിലുള്ള ഇയാളുടെ തലയെടുക്കുന്നവർക്ക് ഇനാം ഉറപ്പായും നൽകും- സംഘത്തിന്റെ തലവൻ ഹുസൈൻ നഖ്‌വി പറഞ്ഞു. ഇതിനു പുറമെ സക്കീർ ഒരു അപരിഷ്കൃതനാണെന്നും ഇസ്ലാം മതപ്രകാരം ഇയാൾ ഖാഫീറാണെന്നും നഖ്‌വി കൂട്ടിച്ചേർത്തു.
നേരത്തെ സക്കീറിന്റെ വിവാദ ചാനലായ ‘പീസ് ടെലിവിഷൻ’ സംപ്രേക്ഷണം ചെയ്യുന്നത് ഭാരതവും ബംഗ്ലാദേശും വിലക്കിയിരുന്നു. സക്കീറിന്റെ പ്രഭാഷണങ്ങൾക്ക് പ്രചോദിതരായിട്ടുള്ളവരായിരുന്നു ധാക്കയിൽ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു.
കൂടാതെ ഹൈദരാബാദിൽ നിന്നും അറസ്റ്റിലായ ഐസിസ് ബന്ധമുള്ള യുവാക്കളും സക്കീറിന്റെ പ്രഭാഷണങ്ങൾക്ക് അടിമപ്പെട്ടിരുന്നവരായിരുന്നു എന്ന് കേന്ദ്ര ഇന്റലിജൻസ് ഏജൻസി വ്യക്തമാക്കിയിരുന്നു.
















