ആന്റിഗ്വ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനുള്ള വെസ്റ്റിൻഡീസ് ടീമിൽ ബാർബഡോസ് ബാറ്റ്‌സ്മാൻ റോസ്റ്റൺ ചെയ്‌സ് പുതുമുഖം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് റോസ്റ്റണിനെ പരിഗണിക്കാൻ കോട്‌നി ബ്രൗണിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിയെ പ്രേരിപ്പിച്ചത്. അതേസമയം, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ദിനേശ് രാംദിനെ ഒഴിവാക്കി.
ഇരുപത്തിനാലുകാരൻ ഷെയ്ൻ ഡൗറിച്ച് പകരക്കാരൻ. ജയ്‌സൺ ഹോൾഡറെ നായകനായി നിലനിർത്തി.
കഴിഞ്ഞ ദിവസം സമാപിച്ച സന്നാഹ മത്സരത്തിൽ ശതകം കുറിച്ച ഷായ് ഹോപ്പിനും ടീമിലിടമില്ല. ലിയോൺ ജോൺസണിന്റെ തിരിച്ചുവരവാണ് ഷായിക്ക് തിരിച്ചടിയായത്. ഫാസ്റ്റ് ബൗളർമാരായ ജെറോം ടെയ്‌ലറെയും കെമർ റോച്ചിനെയും ഒഴിവാക്കിയപ്പോൾ, ഇടംകൈയൻ സ്പിന്നർ ജോമെൽ വാറിക്കനെയും പരിഗണിച്ചില്ല.
അതേസമയം, സ്പിന്നർ ദേവേന്ദ്ര ബിഷൂവിനെ ഉൾപ്പെടുത്തി.
ടീം: ജെയ്‌സൺ ഹോൾഡർ (നായകൻ), ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (ഉപനായകൻ), ദേവേന്ദ്ര ബിഷൂ, ജെർമെയ്ൻ ബ്ലാക്ക്‌വുഡ്, കാർലോസ് ബ്രാത്ത്‌വെയ്റ്റ്, ഡാരൻ ബ്രാവൊ, രാജേന്ദ്ര ചന്ദ്രിക, റോസ്റ്റൺ ചേസ്, ഷെയ്ൻ ഡൗറിച്ച് (വിക്കറ്റ് കീപ്പർ), ഷാന്നൻ ഗബ്രിയേൽ, ലിയോൺ ജോൺസൺ, മർലോൺ സാമുവൽസ്.
















