ഹേഗ്: തെക്കന്‍ ചൈനാ സമുദ്രത്തില്‍ ചരിത്രപരമായ അവകാശമുണ്ടെന്ന ചൈനയുടെ വാദങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ഐക്യരാഷ്‌ട്രസഭ അനുബന്ധ അന്താരാഷ്‌ട്ര ട്രൈബ്യൂണല്‍ വിധിച്ചു. നിയന്ത്രിത പരിധിയ്‌ക്കുള്ളിലുള്ള കടലിലെ ഭൂപ്രദേശങ്ങളില്‍ ചൈനയ്‌ക്ക് ഇടപെടാന്‍ യാതൊരു അവകാശവുമില്ല. കടല്‍നിയമങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്‌ട്രസഭാ ഉടമ്പടിക്ക് കടകവിരുദ്ധമാണ് ചൈനയുടെ നടപടികളെന്നും ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്‌ട്ര തര്‍ക്കപരിഹാര കോടതി പറഞ്ഞു.
ചൈനയുടെ അനധികൃത കൈകടത്തലുകള്‍ക്കെതിരെ ഫിലിപ്പൈന്‍സ് നല്‍കിയ ഹര്‍ജിയിലാണ് വിധി. ഫിലിപ്പൈന്‍സിന്റെ പ്രകൃതി സ്രോതസ്സുകള്‍ ചൈന ചൂഷണം ചെയ്യുന്നത് ആ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കൈകടത്തലാണെന്ന് കോടതി കുറ്റപ്പെടുത്തി.
ചൈനയുടെ അധികാരവാദത്തിന് യാതൊരു തെളിവുമില്ല. കൂടാതെ കൃത്രിമ ദ്വീപുകളുണ്ടാക്കി പവിഴപ്പുറ്റുകളുടെ നൈസര്‍ഗികത ചൈന നശിപ്പിക്കുകയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതെല്ലാം തെറ്റായ കണ്ടെത്തലുകളാണെന്നാണ് ചൈനയുടെ പ്രതികരണം. പാറക്കൂട്ടങ്ങളുള്‍പ്പെടെ തെക്കന്‍ ചൈന കടലിലെ എല്ലാ ദ്വീപുകളുടെയും അവകാശം തങ്ങള്‍ക്കാണെന്ന് ചൈന നേരത്തേ തന്നെ അവകാശമുറപ്പിച്ചിരിക്കുകയാണ്. മറ്റുരാജ്യങ്ങളുടെ പരിധിയില്‍ വരുന്ന ദ്വീപുകളും തങ്ങളുടേതാണെന്നതാണ് ചൈനയുടെ അവകാശവാദം.















