ഇസ്ലാമാബാദ് : 2014 ഡിസംബറില്‍ പെഷവാർ സൈനിക സ്കൂളിലുണ്ടായ കൂട്ടക്കുരുതിയുടെ സൂത്രധാരൻ ഉമർ മൻസൂർ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരാണ് വാർത്ത സ്ഥിരീകരിച്ചത്.
ശനിയാഴ്ച അഫ്ഗാനിസ്ഥാനിൽ നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ നൻഗർഹർ പ്രവിശ്യയിലെ ബന്ദർ മേഖലയിലാണ് ആക്രമണം ഉണ്ടായത്. മൻസൂറിനൊപ്പം ഖ്വാറി സെയ്ഫുള്ള എന്ന ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. മെയ് 25ന് അമേരിക്ക ഉമറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ഡിസംബർ 16നാണ് സൈനിക സ്കൂളിൽ കൂട്ടക്കൊലയുണ്ടായത്. 122 കുട്ടികളും 22 അധ്യാപകരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മൻസൂറും സെയ്ഫുള്ളയും പാക് തെഹ്‌രിക് – ഇ – താലിബാന്റെ താരിഖ് ഗീദാർ സംഘത്തിൽപെട്ടവരാണ്. ഖൈബർ ആദിവാസി മേഖലയിൽ സൈനിക നീക്കങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ് മൻസൂർ അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. സംഭവത്തിനു പിന്നാലെ ഇയാൾ അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയായിരുന്നു.
2015ൽ പാക്കിസ്ഥാൻ എയർ ഫോഴ്സ് ആസ്ഥാനത്തുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിയും മൻസൂർ ആയിരുന്നു. 29 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 2016ൽ ചർസദ്ദയിലെ ബച്ചഖാൻ സർവകലാശാലയിലുണ്ടായ ആക്രമണത്തിനു പിന്നിലും മൻസൂർ ആയിരുന്നു. 18 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.















