ബെംഗളൂരു: അടുത്ത മാസം റിയോ ഡി ജനീനോയിൽ അരങ്ങേറുന്ന ഒളിമ്പിക്‌സിലേക്ക് രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾകൂടി യോഗ്യത നേടി. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന നാലാം ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ പുരുഷന്മാരുടെ 800 മീറ്ററിൽ ജിൻസൺ ജോൺസൺ, ട്രിപ്പിൾജമ്പിൽ രഞ്ജിത്ത് മഹേശ്വരി, 200 മീറ്ററിൽ ധരംബീർസിങ് എന്നിവരാണ് യോഗ്യത നേടിയത്.
800 മീറ്ററിൽ 1:45.98 സെക്കന്റിൽ ഫിനിഷ് ചെയ്താണ് മലയാളി താരം ജിൻസൺ ഒളിമ്പിക്‌സ് ബർത്ത് നേടിയത്. കഴിഞ്ഞ ഇന്റർ സ്‌റ്റേറ്റ് മീറ്റിൽ നേരിയ വ്യത്യാസത്തിൽ യോഗ്യത നഷ്ടപ്പെട്ട ജിൻസൺ ഇന്നലെ മികച്ച ഫോമിലായിരുന്നു. 40 വർഷം പഴക്കമുള്ള ശ്രീരാം സിങിന്റെ പേരിലുള്ള 1:45.77 സെക്കന്റിന്റെ റെക്കോർഡ് തകർക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു മിനിറ്റ് 46 സെക്കന്റ് സമയത്തിൽ താഴെ ഫിനിഷ് ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന ബഹുമതിയും കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ജിൻസൺ ജോൺസണ് സ്വന്തം. ഒരു മിനിറ്റ് 46 സെക്കന്റായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ മാർക്ക്.
രഞ്ജിത്തിന്റെ മൂന്നാം ഒളിമ്പിക്‌സാണ് ഇത്തവണത്തേത്. 2008 ബീജിങ് ഒളിമ്പിക്‌സിലും 2012 ലണ്ടൻ ഒളിമ്പിക്‌സിലും രഞ്ജിത് മഹേശ്വരി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. 2010 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും 2007 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയ താരമാണ് രഞ്ജിത് മഹേശ്വരി.
പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചാണ് ട്രിപ്പിൾ ജമ്പിൽ രഞ്ജിത്ത് മഹേശ്വരി റിയോ ടിക്കറ്റ് സ്വന്തമാക്കിയത്. 17.30 മീറ്റർ ചാടിയ രഞ്ജിത്ത് മഹേശ്വരി അർപിന്ദർ സിങിന്റെ പേരിലുള്ള 17.17 മീറ്ററിന്റെ റെക്കോർഡാണ് തിരുത്തിക്കുറിച്ചത്. 2014-ൽ ലക്‌നൗവിൽ ദേശീയ ഇന്റർ സ്‌റ്റേറ്റ് ചാമ്പ്യൻഷിപ്പിലാണ് അർപിന്ദർ ദേശീയ റെക്കോർഡ് സ്ഥാപിച്ചത്. തുടർച്ചയായി മൂന്നാം തവണയാണ് ഒളിമ്പിക്‌സിന് ടിക്കറ്റ് നേടുന്നത്. മൂന്നാം ശ്രമത്തിൽ തന്നെ 16.93 മീറ്റർ പിന്നിട്ട് രഞ്ജിത് ഒളിമ്പിക്‌സ് യോഗ്യതാ യോഗ്യതാ മാർക്ക് കടന്നു. പിന്നീട് നാലാം ശ്രമത്തിലാണ് ദേശീയ റെക്കോഡ് മറികടന്നത്. 16.85 മീറ്ററായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ മാർക്ക്.
പുരുഷന്മാരുടെ 200 മീറ്ററിൽ ദേശീയ ചാമ്പ്യൻ ധരംബീർ സിങ് പുതിയ ദേശീയ റെക്കോർഡുമായാണ് റിയോ ടിക്കറ്റ് കരസ്ഥമാക്കിയത്. ഇന്നലെ 20.45 സെക്കന്റിൽ പറന്നെത്തിയ ധരംബീർ തന്റെ തന്നെ പേരിലുള്ള 20.66 സെക്കന്റിന്റെ റെക്കോർഡാണ് തിരുത്തിക്കുറിച്ചത്. 20.50 സെക്കന്റായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ സമയം.
















