പേയാട്: തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും പേയാട് എത്തിയ വൃദ്ധന്‍ വഴിയറിയാതെ കുഴങ്ങി. ഒടുവില്‍ ഓട്ടോ തൊഴിലാളികളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ ആളെ തിരിച്ചറിഞ്ഞു വീട്ടുകാരെ ഏല്‍പ്പിച്ചു. എന്നാല്‍ വൃദ്ധനെ ഏറ്റെടുക്കാന്‍ ആദ്യം എതിര്‍പ്പു പ്രകടിപ്പിച്ച വീട്ടുകാര്‍ നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്വീകരിക്കുകയായിരുന്നു.
ഇടുക്കി സ്വദേശിയായ രാഘവനെയാണ് (75) നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് മകള്‍ വീട്ടില്‍ ഇടം നല്‍കിയത്. ഇന്നലെ ഉച്ചയോടെ പേയാട് ജംഗ്ഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്ഥലത്തെത്തി ഓട്ടോയില്‍ കയറിയ വൃദ്ധന്‍ പറഞ്ഞ വഴിയിലൂടെ ഒക്കെ സഞ്ചരിച്ചു എങ്കിലും ലക്ഷ്യം വ്യക്തമല്ലാതായതോടെ ഓട്ടോ ഡ്രൈവറും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രേംകുമാര്‍ വൃദ്ധനോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാന്‍ ശ്രമിച്ചങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് വീണ്ടും പേയാട് ജംഗ്ഷനില്‍ എത്തി നാട്ടുകാരില്‍ ചിലരോട് വൃദ്ധനെ പരിച്ചയമുണ്ടോ എന്ന് തിരക്കി എങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പ്രദേശത്തെ മറ്റു സാമൂഹ്യ പ്രവര്‍ത്തകരും എത്തിയതോടെ ഇയാളുടെ പക്കല്‍ ഉള്ള രേഖകള്‍ പരിശോധിച്ചു. കൈവശം ഉണ്ടായിരുന്ന പേപ്പറുകളില്‍ നിന്നു ചില നമ്പറുകളില്‍ വിളിച്ചു എങ്കിലും ആര്‍ക്കും പരിചയമുള്ളതായി പറഞ്ഞില്ല. ഇതിനിടെ അവിടെ എത്തിയ മറ്റൊരു ഓട്ടോ ഡ്രൈവര്‍ ആളെ തിരിച്ചറിയുകയും ബിപി നഗറില്‍ ഉള്ളതാണ് എന്നു സംശയം പറയുകയും ചെയ്തു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് മകളുടെ വീട് കണ്ടെത്തി അവിടെ എത്തിച്ചത്. അതേസമയം വീട്ടുകാര്‍ വൃദ്ധനെ സ്വീകരിക്കാന്‍ തയാറായില്ല. വര്‍ഷങ്ങളായി തങ്ങളെ ഉപേക്ഷിച്ചു പോയ ആളാണ് എന്നും ഒരുവര്‍ഷം മുന്‍പ് ഒരിക്കല്‍ വന്നു എങ്കിലും പിന്നെ തങ്ങളുമായി ബന്ധമില്ല എന്നും പറഞ്ഞു. വീട്ടുകാര്‍ കൈയൊഴിഞ്ഞു. തുടര്‍ന്നു സാമൂഹ്യപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഇവര്‍ ഇദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു.
















