മാഴ്‌സല്ലേ: ജര്‍മ്മനിയുടെ വമ്പൊടിച്ച് ഫ്രഞ്ച് പട യൂറോകപ്പില്‍ ഫൈനലിലേക്ക് കടന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജര്‍മ്മനിയെ തകര്‍ത്തത്. അന്റോണിയോ ഗ്രിസ്മാന്‍ നേടിയ ഇരട്ട ഗോളാണ് ഫ്രാന്‍സിനെ ഫൈനലിലേക്കുള്ള ബര്‍ത്തു ഉറപ്പാക്കിയത്. ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലാണ് ഫ്രാൻസിന്റെ എതിരാളികൾ. ഞായറാഴ്ചയാണ് കലാശ പോരാട്ടം.
ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ജർമൻ പെനാൽറ്റി ബോക്സിൽ ജർമൻ ക്യാപറ്റൻ ബാസ്റ്റീൻ ഷെയ്ൻസ്റ്റീഗറിന്റെ ഹാൻഡ് ബോളിൽ നിന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കിയ ഗ്രീസ്മാൻ രണ്ടാം പകുതിയിൽ 72-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടി കൊണ്ട് ഫ്രാൻസിനെ വിജയത്തോടടുപ്പിച്ചു. ഇതോടെ ടൂർണമെന്റിലെ ഗ്രീസ്മാന്റെ ഗോൾ സമ്പാദ്യം ആറായി. കളിയുടെ അവസാന നിമിഷങ്ങളിൽ ജർമനി കിണഞ്ഞു പ്രയത്നിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല.
പരിക്കിന്റെ പിടിയിലായ സ്‌ട്രൈക്കര്‍ മരിയോ ഗോമസ്, മിഡ് ഫീല്‍ഡര്‍ സാമി ഖദീര, മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായ മാറ്റ് ഹമ്മല്‍സുമില്ലാതെയാണ് ജര്‍മ്മനി കളത്തിലിറങ്ങിയിത്.
















