മാഡ്രിഡ്: ബാഴ്‌സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് നികുതി വെട്ടിപ്പു കേസിൽ സ്‌പെയ്‌നിൽ തടവു ശിക്ഷ. മെസിയും പിതാവ് ഹൊറാസിയോ മെസിക്കും 21 മാസം ജയിൽ ശിക്ഷയും 20 ലക്ഷം യൂറോ പിഴയുമാണ് ബാഴ്‌സലോണയിലെ കോടതി വിധിച്ചത്. 53 ലക്ഷം ഡോളർ (മുപ്പതുകോടിയോളം രൂപ) ഇരുവരും ചേർന്നു വെട്ടിച്ചതായാണ് നികുതി വകുപ്പിന്റെ വാദം. 2006-09 കാലയളവിൽ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് ഇവർ സമർപ്പിച്ച തെന്നും നികുതി വകുപ്പ് കോടതിയിൽ അറിയിച്ചു. അതേസമയം, ശിക്ഷയ്‌ക്കെതിരെ സ്പാനിഷ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് മെസി അറിയിച്ചു.
തടവുശിക്ഷ രണ്ടു വർഷത്തിൽ കുറവായതിനാൽ സ്‌പെയിനിലെ നിയമമനുസരിച്ച് ഇവർക്ക് ജയിലിൽ പോകേണ്ടിവരില്ല. മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനും അവസരം. നേരത്തെ, ആരോപണമുയർന്നപ്പോൾ തന്നെ മെസി 44 കോടിയോളും രൂപ അടച്ചിരുന്നു. സാമ്പത്തിക കാര്യങ്ങൾ പിതാവും അഭിഭാഷകനുമാണ് കൈകാര്യം ചെയ്യുന്നതെന്നും താരം കോടതിയിൽ ബോധിപ്പിച്ചു. 2000 മുതൽ ബാഴ്‌സലോണയിൽ സ്ഥിര താമസക്കാരനായ മെസി 2005ൽ സ്പാനിഷ് പൗരത്വവും നേടി. ബ്രസീലിയിൽ സൂപ്പർ താരം നെയ്‌മർക്കെതിരയും സ്‌പെയ്‌നിൽ നികുതി വെട്ടിപ്പ് കേസുകളുണ്ട്.
















