ലിയോൺ: ഒട്ടേറെ ചരിത്രത്തിന്റെ മുനമ്പിലാണ് ക്രിസ്റ്റ്യാനൊ റൊണാൾഡൊ. യൂറോ കപ്പിലെ രണ്ടാം ഫൈനലിൽ ജർമനി-ഫ്രാൻസ് പോരാട്ടവിജയികളെ നേരിടേണ്ടിവരുമ്പോൾ ലോക ഫുട്‌ബോളിലെ സൂപ്പർതാരം കൊതിക്കുന്നതും അത്തരമൊരു നേട്ടം.
യൂറോ കപ്പിലെ ഏറ്റവും വലിയ ഗോൾ സ്‌കോററെന്ന ബഹുമതി ഒമ്പതു ഗോളോടെ ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റിനിക്കൊപ്പം പങ്കിടുന്നു ക്രിസ്റ്റ്യാനൊ. സെമിയിലെ ഗോൾ നേട്ടത്തോടെ പ്ലാറ്റിനിക്കൊപ്പമെത്തിയ താരത്തിന് ഫൈനലിൽ ഒരുവട്ടം ലക്ഷ്യം കണ്ടാൽ റെക്കോഡ് സ്വന്തം. 1984ലെ യൂറോകപ്പിലാണ് പ്ലാറ്റിനി ഈ നേട്ടം സ്വന്തമാക്കിയതെങ്കിൽ, ക്രിസ്റ്റ്യാനൊ നാല് യൂറോയിലെ 20 കളികളിൽനിന്നാണ് ഒമ്പതു ഗോൾ നേടിയത്.
മറ്റൊരു ചരിത്രം കൂടി താരത്തെ കാത്തിരിക്കുന്നു. ഇത്തവണ പോർച്ചുഗലിനെ കിരീടത്തിലേക്ക് നയിക്കാനായാൽ ടീമിന്റെ രാജ്യാന്തര തലത്തിലെ ആദ്യ കിരീടനേട്ടമാകുമിത്. യൂസേബിയോയ്‌ക്കോ, ലൂയി ഫിഗോയുടെ സുവർണ തലമുറയ്‌ക്കോ സാധിക്കാത്ത നേട്ടം. 2004ൽ ഫിഗോയുടെ ടീം ഫൈനലിലെത്തിയെങ്കിലും ഗ്രീസിനു മുന്നിൽ വീണു. അന്നും ടീമിലുണ്ടായിരുന്നു ക്രിസ്റ്റ്യാനൊ. കഴിഞ്ഞ വട്ടം സെമിയിലെത്തി ടീം. കഴിഞ്ഞ ആറു യൂറോ കപ്പിനിടെ പറങ്കികൾ നാലു തവണ സെമി കളിച്ചു.
















