ലണ്ടൻ: വിംബ്ൾഡൺ ടെന്നീസിൽ കിരീടത്തിനായി ലോക ഒന്നാം നമ്പർ സെറീന വില്യംസും നാലാം സീഡ് ജർമനിയുടെ ആഞ്ജനീല കെർബറും ഏറ്റുമുട്ടും. സെറീന റഷ്യയുടെ എലേന വെസ്‌നിനയെ തുടർച്ചയായ സെറ്റിൽ തുരത്തി, സ്‌കോർ: 6-2, 6-0. മത്സരം 48 മിനിറ്റിൽ അവസാനിച്ചു. രണ്ടാം സെമിയിൽ സെറീനയുടെ സഹോദരി വീനസ് വില്യംസിനെ കീഴടക്കിയാണ് കെർബർ കലാശക്കളിക്ക് യോഗ്യത നേടിയത്, സ്‌കോർ: 6-4, 6-4. ഫൈനൽ വില്യംസ് കുടുംബത്തിന് വീട്ടുകാര്യമാക്കാമെന്ന ധാരണ കെർബർ തിരുത്തി.
ഓപ്പൺ യുഗത്തിൽ 22 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ സെറീന, 23ാം കിരീടമാണ് ലണ്ടനിൽ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പണുകളിൽ വഴിയിൽ കാലിടറിയ സെറീന ഈ വർഷത്തെ ആദ്യ ഗ്രാൻഡ്സ്ലാമിന് ഒരു ജയമകലെ.
ഫെഡറർ-റാവോനിക്, മുറെ-ബെർഡിച്ച് സെമി
വിംബ്ൾഡൺ ടെന്നീസ് പുരുഷ വിഭാഗം സെമിഫൈനലുകളിൽ കരുത്തുറ്റ പോരാട്ടം. ആദ്യ സെമിയിൽ മൂന്നാം സീഡ് സ്വിസ് മാസ്റ്റർ റോജർ ഫെഡറർ ആറാം സീഡ് കാനഡയുടെ മിലോസ് റാവോനിക്കിനെ നേരിടുമ്പോൾ, രണ്ടാമത്തേതിൽ രണ്ടാം സീഡ് ബ്രിട്ടന്റെ ആൻഡി മുറെ പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിച്ചുമായി കൊമ്പുകോർക്കും. ക്വാർട്ടർ ഫൈനലുകളിൽ ഫെഡറർ ഒമ്പതാം സീഡ് ക്രൊയേഷ്യയുടെ മരിയൻ സിലിച്ചിനെ കീഴടക്കിയപ്പോൾ, റാവോനിക്ക് മൂന്നാം റൗണ്ടിൽ ദ്യോകോവിച്ചിനെ വീഴ്‌ത്തിയ യുഎസിന്റെ സാം ക്വയറിയെ തോൽപ്പിച്ചു. 12ാം സീഡ് ഫ്രാൻസിന്റെ ജോ വിൽഫ്രഡ് സോംഗയുടെ വെല്ലുവിളി മുറെ അവസാനിപ്പിച്ചപ്പോൾ, ഫ്രാൻസിന്റെ തന്നെ മുപ്പത്തിരണ്ടാം സീഡ് ലൂക്കാസ് പൗലിയെ ബെർഡിച്ചും വീഴ്‌ത്തി.
ആദ്യ രണ്ടു സെറ്റും നഷ്ടമായ ശേഷം തന്റെ പരിചയസമ്പത്തിന്റെ കരുത്തിൽ പൊരുതിക്കയറി ഫെഡറർ സിലിച്ചിനെ വീഴ്‌ത്തിയത്, സ്‌കോർ: 6-7, 4-6, 6-3, 7-6, 6-3. കരിയറിലെ ഏറ്റവും മികച്ച ജയമെന്നാണ് ഫെഡറർ ഇതിനെ വിശേഷിപ്പിച്ചത്. സിലിച്ച് നന്നായി പൊരുതിയെന്നും അദ്ദേഹത്തിന്റെ തോൽവിയിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലാം സെറ്റിൽ തോൽവിയുടെ വക്കിൽനിന്നാണ് സ്വിസ് മാസ്റ്റർ തിരികെ കയറിയത്. ദ്യോകോയുടെ അഭാവത്തിൽ ഇത്തവണ കിരീട സാധ്യത ഏറെയുള്ള താരമാണ് ഫെഡറർ. ഒന്നിനെതിരെ നാലു സെറ്റിനാണ് ക്വയറിയെ റാവോനിക്ക് വീഴ്‌ത്തിയത്, സ്‌കോർ: 6-4, 7-5, 5-7, 6-4.
രണ്ടാം വിംബ്ൾഡൺ തേടുന്ന ആൻഡി മുറെയ്‌ക്ക് അഞ്ച് സെറ്റ് കളിക്കേണ്ടിവന്നു സോംഗയെ മറികടക്കാൻ, സ്‌കോർ: 7-6, 6-1, 3-6, 4-6, 6-1. ആദ്യ രണ്ടു സെറ്റും നേടിയെങ്കിലും മൂന്നും നാലും കൈക്കലാക്കി സോംഗ ശക്തമായ വെല്ലുവിളിയുയർത്തി. അവസാന സെറ്റിൽ ഫോമിലേക്കുയർന്ന് മുറെ സെമി ബെർത്ത് സ്വന്തമാക്കി. ദ്യോകോയുടെ അഭാവത്തിൽ കിരീടപ്രതീക്ഷയുണ്ട് മുറെയ്‌ക്കും. പൗലിക്കെതിരെ ബെർഡിച്ചിന് അനായാസ ജയം, സ്‌കോർ: 7-6, 6-3, 6-2. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടാനായതു മാത്രം പൗല്ലിയുടെ ആശ്വാസം.
















