വലക്കാവിലെ അനധികൃത ക്വാറിക്കെതിരെ കളക്ടറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ കുട്ടികളെയും സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു.
തൃശൂര്‍: കളക്ടറുടെ ചേംബറിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ സ്ത്രീകളെയും കുട്ടികളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വലക്കാവ് അച്ചന്‍കുന്ന് മേഖലയിലെ കരിങ്കല്‍ ക്വാറികള്‍, ക്രഷറുകള്‍ എന്നിവ സ്ഥിരമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായാണ് ഇന്നലെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ കളക്ടറുടെ ചേംബറിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. രാവിലെ 10നാരംഭിച്ച ഉപവാസം വൈകീട്ട് അഞ്ചുമണികഴിഞ്ഞിട്ടും സമരക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാവാതെ തങ്ങള്‍ ഇവിടെ നിന്നും മാറില്ലെന്ന സ്ത്രീകളുടെ ദൃഢനിശ്ചയും പോലീസിനെ കുഴപ്പത്തിലാക്കി.
ഉന്നത ഉദ്യോഗസ്ഥനുമായി പോലീസ് നിരന്തരം ബന്ധപ്പെട്ടിരുന്നു. ഉച്ചക്ക് ശേഷം കളക്ടര്‍ ഓഫീസില്‍ വരികയുണ്ടായില്ല. മറ്റുദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനും കഴിഞ്ഞില്ല. എസിപി ജോസ്, സിഐ വി.കെ.രാജു എന്നിവര്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് സമരക്കാരെ അറസ്റ്റ് ചെയ്യുമെന്നും കുട്ടികളെ മാറ്റണമെന്നും പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല.
കരിങ്കല്‍ ക്വാറിയും ക്രഷറും വേണ്ടാത്തതാണ് എന്ന് രണ്ടുവയസ്സുള്ള ഒരുകുട്ടിയുടെ മുദ്രാവാക്യം വിളി ശ്രദ്ധേയമായിരുന്നു. എസിപി ജോസിന്റെ നേതൃത്വത്തില്‍ വനിത എസ്‌ഐ ദേവിയും വനിതാപോലീസുകാരും ചേര്‍ന്നാണ് അറുപതോളം വരുന്ന സ്ത്രീകളെയും കുട്ടികളെയും വൈകീട്ട് 5.45ഓടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കളക്‌ട്രേറ്റിന് സമീപം ഇവരുടെ മുദ്രാവാക്യം വിളിയും അല്പം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, മറ്റു സമരസമിതി നേതാക്കള്‍ എന്നിവര്‍ പോലീസുമായി ചര്‍ച്ച നടത്തിയതിനുശേഷം അവരെ ജാമ്യത്തില്‍ വിട്ടു. സമരം കൂടുതല്‍ ശക്തമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സമിതി.
















