കുവൈറ്റ് സിറ്റി: രാജ്യത്ത് ചൂട് ക്രമാതീതമായതോടെ തീപിടിത്തത്തിനെതിരെ മുന്‍കരുതലെടുക്കാന്‍ ഭാരത എംബസിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യം കനത്ത ചൂടില്‍ വെന്തുരുകുകയാണ്.
വീടിനകത്ത് പുകവലി പൂര്‍ണമായും ഒഴിവാക്കണം. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ബാല്‍ക്കെണിയോ തുറസായ മറ്റിടങ്ങളോ ഉപയോഗിക്കുക. എന്നാല്‍ അത് അയല്‍ക്കാരന് ശല്യമാകരുത്. സിഗററ്റ് കുറ്റികള്‍ മാലിന്യത്തൊട്ടിയില്‍ വലിച്ചെറിയരുത്. തീകെടുത്തിയ ശേഷം ആഷ്‌ട്രേയില്‍ നിക്ഷേപിക്കണം.
പറ്റുമെങ്കില്‍ വെള്ളം നനയ്‌ക്കുന്നതും നന്നാകും. തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ അടുക്കളയില്‍നിന്നു മാറ്റി സൂക്ഷിക്കണം.
വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ടിവി, ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, ടോസ്റ്റര്‍, വാഷിങ് മെഷീന്‍ എന്നിവയുടെ സ്വിച്ച് ഓഫ് ചെയ്യണം. ഇലക്ട്രിക് സോക്കറ്റില്‍ നിന്ന് പ്ലഗുകള്‍ ഊരിവയ്‌ക്കുന്നതാകും ഉചിതം.
ഫ്‌ളാറ്റുകളിലെ എല്ലാ മുറികളിലും കൃത്യമായ വെന്റിലേഷന്‍ ഉറപ്പാക്കണമെന്ന് എംബസി നിര്‍ദേശിച്ചു. തീപിടിത്തം പോലുള്ള അപകടം ഉണ്ടായാല്‍ രക്ഷപ്പെടാനുള്ള റൂട്ടിനെക്കുറിച്ച് കെട്ടിടത്തില്‍ താമസിക്കുന്നവര്‍ അറിഞ്ഞിരിക്കണം. ഇലക്ട്രിക് പോയിന്റുകളില്‍ നിന്ന് അകലെയായിരിക്കണം കര്‍ട്ടനുകള്‍.
















