ലണ്ടൻ: വിംബിൾഡൺ വനിതാ സിംഗിൾസിൽ നാലാം സീഡ് ജർമ്മനിയുടെ ആഞ്ചലിക് കെർബർ, എട്ടാം സീഡ് അമേരിക്കയുടെ വീനസ് വില്യംസ് എന്നിവർ സെമിയിൽ കടന്നു.
ക്വാർട്ടർ ഫൈനലിൽ റുമാനിയയുടെ അഞ്ചാം സീഡ് സിമോണ ഹാലപ്പിനെ തകർത്താണ് ആഞ്ചലിക് കെർബർ അവസാന നാലിലേക്ക് കുതിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. ഒരു മണിക്കൂറും 30 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 7-5, 7-6 (7-2) എന്ന സ്‌കോറിനാണ് കെർബർ വിജയിച്ചുകയറിയത്. 2012നുശേഷം ആദ്യമായാണ് കെർബർ വിംബിൾഡണിന്റെ സെമിയിലെത്തുന്നത്.
മറ്റൊരു മത്സരത്തിൽ ലോക ഒന്നാം നമ്പർ സെറീനയുടെ സഹോദരിയും എട്ടാം സീഡുമായ വീനസ് വില്യംസ് കസാക്കിസ്ഥാൻ താരം യാരോസ്ലാവ ഷെഡോവയെ നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തി സെമിയിലെത്തി. ഒരു മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 7-6 (7-5), 6-2 എന്ന സ്‌കോറിനായിരുന്നു വീനസിന്റെ വിജയം. അഞ്ച് തവണ വിംബിൾഡൺ കിരീടം നേടിയിട്ടുള്ള വീനസ് 2009നുശേഷം ആദ്യമായാണ് അവസാന നാലിൽ കളിക്കാൻ യോഗ്യത നേടുന്നത്.
സെമിയിൽ കെർബറാണ് വീനസിന്റെ എതിരാൡ മാർട്ടിന നവരത്തിലോവയ്‌ക്ക് ശേഷം വിംബിൾഡൺ സെമി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരവും വീനസ് വില്യംസാണ്. 1994-ലിൽ മാർട്ടിന നവരത്തിലോവ 37-ാം വയസ്സിൽ വിംബിൾഡൺ ഫൈനലിൽ കളിച്ചിരുന്നു.
വനിതാ ഡബിൾസിൽ ഇന്ത്യൻ താരം സാനിയ മിർസ-സ്വിസ് താരം മാർട്ടിന ഹിംഗിസ് സഖ്യം ക്വാർട്ടറിൽ. അമേരിക്കയുടെ ക്രിസ്റ്റിന മക്ഹാലെ-ലാത്‌വിയയുടെ യെലേന ഒസ്റ്റാപെൻകോ സഖ്യത്തെ 6-1, 6-0 എന്ന ക്രമത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഒന്നാം നമ്പർ ജോഡികളായ സാനിയ-ഹിംഗിസ് സഖ്യം മുന്നേറിയത്.
പുരുഷ വിഭാഗത്തിൽ ലോക രണ്ടാം നമ്പർ ബ്രിട്ടന്റെ ആൻഡി മുറെ, ആറാം സീഡ് കനേഡിയൻ താരം മിലോസ് റാവോനിക്ക്, 10-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബർഡിച്ച്, 12-ാം സീഡ് ഫ്രാൻസിന്റെ ജോ വിൽഫ്രഡ് സോംഗ തുടങ്ങിയവർ ക്വാർട്ടറിലെത്തി.
















