ഗോളടിച്ച അന്റോണിയോ ഗ്രിസ്മാെന്റ ബൂട്ടില്‍
ചുംബിക്കുന്ന ദിമിത്രി പയറ്റ്
പാരീസ്: ഫുട്‌ബോളിൽ ഗോളടിച്ചാൽ പലതരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും താരങ്ങൾ നടത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ബെബറ്റോയുടെ താരാട്ടും മെസ്സിയുടെ ദൈവത്തെ വണങ്ങലും ക്രിസ്റ്റിയാനോയുടെ ജേഴ്‌സിയൂരിയുള്ള പ്രകടനവും മിറോസ്ലാവ് ക്ലോസെയുടെ മലക്കംമറിയലും തുടങ്ങി… നിരവധി അതിസുന്ദരമായ പ്രകടനങ്ങൾ. എന്നാൽ ഇന്നലെ ഫ്രാൻസ്-ഐസ്‌ലൻഡ് ക്വാർട്ടർ ഫൈനലിൽ തികച്ചും വ്യത്യസ്തമായ ആഘോഷപ്രകടനങ്ങൾക്കാണ് സെയിന്റ് ഡെനിസിലെ സ്‌റ്റേറ്റ് ഡി ഫ്രാൻസ് സാക്ഷ്യം വഹിച്ചത്. അത് നടത്തിയത് ഫ്രാൻസിന്റെ സൂപ്പർ താരങ്ങളായ അന്റോണിയോ ഗ്രിസ്മാനും ദിമിത്രി പയറ്റും.
പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായ ഇരുവരുടെയും ആഘോഷമാണ് ഇപ്പോൾ ചർച്ചാവിഷയം. ഒരു ചുംബനത്തിലൂടെയാണ് ഇരുവരും ഗോളടിച്ചപ്പോൾ ആഘോഷിച്ചത്. എന്നാൽ അത് കവിളിലല്ല, മറിച്ച് ബൂട്ടിലാണെന്നു മാത്രം. ഗ്രിസ്മാൻ ഗോളടിക്കുമ്പോൾ പയറ്റ് ഓടി വന്ന് മുട്ടുകുത്തി ഗ്രിസ്മാന്റെ ബൂട്ട് തന്റെ കൈകൾക്കുള്ളിൽ വെച്ച് ആ ബൂട്ടിൽ ചുംബിക്കും. പ്രീ ക്വാർട്ടർ മത്സരത്തിൽ അയർലൻഡിനെതിരെ ഗ്രിസ്മാൻ രണ്ടാം ഗോൾ നേടിയപ്പോഴായിരുന്നു പയറ്റ് ആദ്യം ബൂട്ടുകളിൽ ചുംബിച്ചത്.
അന്നത്തെ ചുംബനം ഗ്രിസ്മാൻ ഇന്നലെ തിരിച്ചുനൽകി. ക്വാർട്ടറിൽ ഐസ്‌ലൻഡിനെതിരെ പയെറ്റ് മൂന്നാം ഗോൾ നേടിയപ്പോൾ ഗ്രിസ്മാൻ പയെറ്റ് ചെയ്തിരുന്ന പോലെ തന്നെ പയെറ്റിന്റെ ബൂട്ടിൽ ചുംബിച്ചു. ഒപ്പം ഇന്നലെ ഗ്രിസ്മാൻ ഗോൾ നേടിയപ്പോൾ പയറ്റ് വീണ്ടും അത് തിരിച്ചുനൽകി. ‘റിലേഷൻഷിപ്പ് ഗോളെന്ന‘ പേരിൽ ഇവരുടെ ഈ ആഘോഷം ട്വിറ്ററിൽ ചർച്ചയായിട്ടുണ്ട്. സ്‌നേഹത്തിന്റെയും കളിയുടെയും കാര്യത്തിൽ ഗ്രിസ്മാന്റെ മനസ്സെത്തുന്നിടത്ത് പയെറ്റിന്റെ കണ്ണെത്തുമെന്നാണ് ആരാധകർ പറയുന്നത്.
ഗ്രിസ്മാൻ ഗോൾ നേടിയവരുടെ പട്ടികയിൽ ഒന്നാമതും പയെറ്റ് രണ്ടാമതുമാണ്. 345 മിനിറ്റുകൾ ഗ്രൗണ്ടിൽ ചിലവഴിച്ച ഗ്രിസ്മാന് നാല് ഗോളടിക്കുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 377 മിനിറ്റ് കളിച്ച പയെറ്റിന്റെ പേരിൽ മൂന്ന് ഗോളും രണ്ട് അസിസ്റ്റുമാണുള്ളത്.
ഗ്രിസ്മാൻ ഗോൾ നേടിയവരുടെ പട്ടികയിൽ ഒന്നാമതും പയെറ്റ് മൂന്നാം സ്ഥാനത്തുമാണ്. 345 മിനിറ്റുകൾ ഗ്രൗണ്ടിൽ ചിലവഴിച്ച ഗ്രിസ്മാന് നാല് ഗോളടിക്കുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 377 മിനിറ്റ് കളിച്ച പയെറ്റിന്റെ പേരിൽ മൂന്ന് ഗോളും രണ്ട് അസിസ്റ്റുമാണുള്ളത്.
















