ന്യൂദൽഹി: ആഗസ്റ്റ് അഞ്ചു മുതൽ 21 വരെ ബ്രസീലിലെ റിയൊ ഡി ജനെയ്‌റൊ വേദിയാകുന്ന ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഭാരത താരങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ന്യൂദൽഹിയിലെ മനേക് ഷാ സെന്ററിലാണ് തികച്ചും അനൗദ്യോഗികമായ ചടങ്ങ്. കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി ജനറൽ, റിയൊയിലേക്കുള്ള സംഘത്തിന്റെ തലവൻ, സഹതലവൻ എന്നിവരെയും ക്ഷണിച്ചു.
താരങ്ങളുമായി സംസാരിക്കുന്ന പ്രധാനമന്ത്രി അവർക്ക് വ്യക്തിപരമായി ആശംസ നേരുമെന്ന് കായിക മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. റിയൊയിലേക്ക് ഇതുവരെ 13 ഇനങ്ങളിലായി നൂറിലധികം പേർ യോഗ്യത നേടി. ആദ്യമായാണ് ഇത്രയും പേർ ഭാരതത്തിൽനിന്ന് ഒളിമ്പിക്‌സ് യോഗ്യത സ്വന്തമാക്കുന്നത്.
2012 ലണ്ടൻ ഒളിമ്പിക്‌സിലാണ് ഏറ്റവും കൂടുതൽ പേർ അണിനിരന്നത്, 83. ഈ മാസവും യോഗ്യതാ മത്സരങ്ങൾ നടക്കുന്നതിനാൽ ഇനിയും കൂടുതൽ പേർ കടമ്പ കടക്കുമെന്നാണ് സർക്കാരിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും പ്രതീക്ഷ. അതേസമയം, താരങ്ങളിൽ പലരും വിദേശത്ത് പരിശീലനത്തിലായതിനാൽ എത്ര പേർ ചടങ്ങിനെത്തുമെന്നതിൽ വ്യക്തതയില്ല.
















