ലണ്ടൻ: വിംബ്ൾഡൺ ടെന്നീസ് മൂന്നാം റൗണ്ടിലേറ്റ തിരിച്ചടിയിൽ നിന്ന് ശക്തമായി തിരികെയെത്തുമെന്ന് ലോക ഒന്നാം നമ്പർ നൊവാക് ദ്യോകോവിച്ച്. തുടരെ മൂന്നാം കിരീടം തേടി സെന്റർ കോർട്ടിലെത്തിയ ദ്യോകോയെ സാം ക്വയറിയാണ് കെട്ടുകെട്ടിച്ചത്, സ്‌കോർ: 7-6, 6-1, 3-6, 7-6. ഗ്രാൻഡ്സ്ലാമുകളിൽ തുടരെ 30 ജയത്തിനു ശേഷമുള്ള തോൽവി സെർബ് താരത്തിന്.
കഴിഞ്ഞ നാല് പ്രധാന ടൂർണമെന്റുകളിൽ ജേതാവായ ദ്യോകോ, കഴിഞ്ഞ 28 ഗ്രാൻഡ്സ്ലാമുകളിൽ പ്രീ ക്വാർട്ടറിലുമെത്തി. ഒന്നാം നമ്പർ പദവിയിലെത്തിയ ശേഷം ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാമിന്റെ ആദ്യഘട്ടത്തിൽ മടങ്ങുന്നത്. കഴിഞ്ഞ വിംബ്ൾഡണിൽ തുടങ്ങിയ ഗ്രാൻഡ്സ്ലാം യാത്രയ്‌ക്ക് സെന്റർകോർട്ടിൽ താത്കാലിക വിരാമം.
വിംബ്ൾഡൺ, യുഎസ്, ഓസ്‌ട്രേലിയൻ ഓപ്പണുകൾ നേടിയ ദ്യോകോ, കരിയറിൽ ആദ്യമായി ഇത്തവണ റോളൻഡ് ഗാരോസിലും കപ്പുയർത്തി.
ദ്യോകോയുടെ മടക്കത്തോടെ മുന്‍ ചാമ്പ്യന്മാര്‍ റോജര്‍ ഫെഡറര്‍, ആന്‍ഡി മുറെ എന്നിവരുടെ കിരീട പ്രതീക്ഷ വര്‍ധിച്ചു.
















