കൊച്ചി: ഐഎസ്എലിന്റെ മൂന്നാം പതിപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് അന്റോണിയ ജർമനും ഹോസു പ്രീറ്റോയും നിലനിർത്തി. ഇന്ത്യൻ താരം സന്ദേശ് ജിംഗൻ, വെറ്ററൻ ഗോൾകീപ്പർ സന്ദീപ് നന്ദി, മലയാളി താരം മുഹമ്മദ് റാഫി, മധ്യനിരയിലെ കരുത്തന്മാരായ മെഹ്താബ് ഹുസൈൻ, ഇഷ്ഫഖ് അഹമ്മദ്, ഗുർവീന്ദർ സിംഗ് തുടങ്ങിയവരും ഈ സീസണിൽ ടീമിൽ തുടരും.
അന്റോണിയ ജർമൻ കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഒൻപത് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിരുന്നു. ഇംഗ്ലീഷ് ഫുട്‌ബോളിൽ ക്യൂൻസ് പാർക്ക് റേഞ്ചേഴ്‌സ്, സൗത്ത് എൻഡ് യുണൈറ്റഡ്, നോർത്താംപ്ടൺ തുടങ്ങിയ ക്ലബുകളിൽ കളിച്ചിട്ടുണ്ട്.
ജോസു എന്നറിയപ്പെടുന്ന ഹോസു പ്രീറ്റോ കഴിഞ്ഞ സീസണിലും ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തിയിരുന്നു. മികവുറ്റ കളിയും ടെക്‌നിക്കുകളും ജോസുവിന് സ്വന്തം. ബാഴ്‌സലോണയിലെ യൂത്ത് ടീമുകളിലും സ്പാനിഷ് ക്ലബായ ഓലോട്ടിലും കളിച്ചിട്ടുള്ള ജോസു പിന്നീട് ഫിൻലൻഡ്, ഇറ്റലി, പോളണ്ട് എന്നിവിടങ്ങളിൽ കളിച്ചു.
















