പാരീസ്: വമ്പൻ അട്ടിമറികളുമായി യൂറോകപ്പിലെ കറുത്തകുതിരകളായ ഐസ്‌ലൻഡ് പുതിയ ചരിത്രം കുറിക്കാൻ ഇന്ന് വീണ്ടും മൈതാനത്ത്. യൂറോകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ഫ്രാൻസാണ് ഐസ്‌ലൻഡിന്റെ എതിരാളികൾ. രാത്രി 12.30ന് കിക്കോഫ്.
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിൽ പോലും പരാജയപ്പെടാതെ ഹംഗറിക്ക് പിന്നിൽ രണ്ടാമതായി നോക്കൗട്ട് റൗണ്ടിലെത്തിയ ഐസ്‌ലൻഡ് പ്രീ ക്വാർട്ടറിൽ ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ അട്ടിമറിയാണ് നടത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞാണ് അവർ ക്വാർട്ടറിലേക്ക് കുതിച്ചത്.
ഹംഗറിയെയും പോർച്ചുഗലിനെയും സമനിലയിൽ തളയ്‌ക്കുകയും ആസ്ട്രിയയെ പരാജയപ്പെടുത്തുകയും ചെയ്ത ഐസ്‌ലൻഡ് ഗ്രൂപ്പ് ഘട്ടത്തിൽ നാല് ഗോളുകൾ നേടുകയും മൂന്നെണ്ണം വഴങ്ങുകയും ചെയ്തു. കന്നിയങ്കത്തിൽ ഫ്രാൻസിനെതിരെ മറ്റൊരു അട്ടിമറിവിജയമാണ് ഐസ്‌ലൻഡ് സ്വപ്‌നം കാണുന്നത്. ടീമിന്റെ ഇതുവരെയുള്ള കുതിപ്പ് വെറും ഭാഗ്യമല്ലെന്ന് അവർക്ക് തെളിയിക്കുകയും വേണം. ഇംഗ്ലണ്ടിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ച് വിജയിച്ചതു മാത്രം മതി അവരുടെ പ്രതിഭ അളക്കാൻ.
സൂപ്പർതാരങ്ങളൊന്നുമായല്ല ഐസ്‌ലൻഡ് ചരിത്രത്തിലാദ്യമായി യൂറോക്ക് ബൂട്ടുകെട്ടിയത്. എന്നാൽ തോൽക്കാൻ മനസ്സില്ലാത്തൊരു പോരാട്ടവീര്യം അവർക്കുണ്ട്. അതുതന്നെയാണ് അവരുടെ കരുത്തും. ഒപ്പം ആർക്കും പരിക്കും സസ്‌പെൻഷനുമില്ല എന്നതും ആത്മവിശ്വാസം ഉയർത്തുന്ന ഘടകങ്ങൾ.
മൂന്ന് യൂറോ കപ്പുകൾക്കുശേഷം ആദ്യമായി സെമി ലക്ഷ്യമിട്ടാണ് ഫ്രഞ്ച് പട സ്വന്തം മൈതാനത്ത് ഇത്തിരക്കുഞ്ഞന്മാർക്കെതിരെ ഇറങ്ങുന്നത്. 2000-ൽ ചാമ്പ്യന്മാരായതിനുശേഷം രണ്ട് തവണ ക്വാർട്ടറിൽ കടന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. ഇത്തവണ അവർ മികച്ച ഫോമിലാണ്. പോൾ പോഗ്ബയും ദിമിത്രി പയറ്റും സൂപ്പർ സ്‌ട്രൈക്കർ അന്റോണിയോ ഗ്രിസ്മാനും ഉൾപ്പെടുന്ന സൂപ്പർതാരനിര അനായാസവിജയം ലക്ഷ്യമിട്ടായിരിക്കും ഇന്ന് കളത്തിലിറങ്ങുക.
മൂന്നുഗോളുകളുമായി ടോപ്‌സ്‌കോറർ പദവിയിൽ നിൽക്കുന്ന ഗ്രിസ്മാൻ തന്നെ ഇന്നും പ്രധാന സ്‌ട്രൈക്കർ. എന്നാൽ രണ്ട് താരങ്ങളുടെ അഭാവം ഫ്രാൻസിന് ദോഷം ചെയ്‌തേക്കും. പ്രതിരോധത്തിലെ കരുത്തൻ ആദിൽ റമിയും മധ്യനിരയിൽ ഗൊലൊ കാന്റെ എന്നിവർ സസ്‌പെൻഷൻ കാരണം ഇന്ന് കളത്തിലിറങ്ങില്ല. എങ്കിലും യോഹാൻ കബായേ, ബ്ലെയ്‌സ് മാറ്റിയൂഡി, സിസോകോ എന്നിവർ മധ്യനിരയിലും ഗ്രിസ്മാനൊപ്പം ഒളിവർ ഗിറൗഡോ, പയറ്റോ മുന്നേറ്റത്തിലും ഇറങ്ങുന്നതോടെ ഐസ്‌ലൻഡ് പ്രതിരോധത്തിന് പണിയേറും.
കണക്കിലെ കളികളിലും ഫ്രാൻസിന് മുൻതൂക്കം. മുൻപ് 11 തവണ കളിച്ചപ്പോൾ എട്ട് തവണയും വിജയം ഫ്രാൻസിനൊപ്പം. ഒരിക്കൽ പോലും ഐസ്‌ലൻഡിന് വിജയപീഠമേറാനായില്ല. എന്നാൽ മൂന്നെണ്ണത്തിൽ സമനില പിടിക്കാനായി എന്നതാണ് അവരുടെ നേട്ടം.
















