ലിലെ: ബെൽജിയത്തിനെതിരെ വെയ്ൽസിന്റെ റോബ്‌സൺ കാനുവിന്റെ വണ്ടർഗോൾ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വെയ്ൽസ് ജയിച്ച കളിയിൽ രണ്ടാമത്തേതായിരുന്നു അത്ഭുതഗോൾ. ഈഡൻ ഹസാർഡും റൊമേലു ലുകാകുവും ഉൾപ്പെടുന്ന ബെൽജിയത്തിന്റെ താരനിരയെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി കാനുവിന്റെ ഗോൾ.
ഇരുകൂട്ടരും ഒപ്പത്തിനൊപ്പം പോരാടിയ ആദ്യപകുതിക്കുശേഷം വെയ്ൽസിന് മത്സരത്തിൽ വ്യക്തമായ മേധാവിത്തം നേടിക്കൊടുത്ത ഗോളായിരുന്നു കാനുവിന്റേത്. 55-ാം മിനിറ്റിലായിരുന്നു ഇത്. ബെൽജിയം പ്രതിരോധനിരയുടെ പിടിപ്പുകേടും ആദ്യപകുതിയിൽ വിങ്ങിൽ അധ്വാനിച്ചുകളിച്ച റോബ്‌സൺ കാനുവിന്റെ മികവും ഒരുപോലെ തെളിയിച്ച ഗോൾ. സ്വന്തം പകുതിയിൽ നിന്ന് നീട്ടിക്കിട്ടിയ പന്ത് ലഭിച്ചത് പ്ലേ മേക്കർ ആരോൺ റംസിക്ക്.
പന്ത് കിട്ടിയ റംസി ബോക്‌സിനുള്ളിൽ നിൽക്കുകയായിരുന്ന കാനുവിന് പാസ് നൽകി. പന്ത് ലഭിച്ച കാനു തന്നെ തടയാനെത്തിയ രണ്ട് ബെൽജിയം പ്രതിരോധനിരക്കാരെ ഒരൊറ്റ നൃത്തച്ചുവടിലൂടെ തെറ്റിച്ചശേഷം പോസ്റ്റിന് മുന്നിൽ നിലയുറപ്പിച്ച ലോകോത്തര ഗോളി കുർട്ടോയിസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ബെൽജിയം പ്രതിരോധം പിളർത്തി കാനു നേടിയ ഈ ഗോൾ മത്സരത്തിന്റെ ഗതി മാറ്റിയെഴുതുകയും ചെയ്തു.
സ്ലൊവാക്യയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലും കാനു ഗോൾ നേടിയിരുന്നു. ഇംഗ്ലണ്ട് അണ്ടർ 19, 20, 21 ടീമുകളിൽ കളിച്ച റോബ്‌സൺ 2010-ലാണ് വെയ്ൽസ് ദേശീയ ടീമിൽ ഇടംപിടിച്ചത്. തുടർന്നിങ്ങോട്ട് 34 കളികളിൽ നിന്ന് നാല് ഗോളുകൾ നേടി.
2007 മുതൽ 2016വരെ ഇംഗ്ലീഷ് ക്ലബ് റീഡിങിന്റെ താരമായിരുന്നു. ആഴ്‌സണലിന്റെ യൂത്ത് ടീമിൽ നിന്നായിരുന്നു കാനു റീഡിങ്ങിലെത്തിയത്. റീഡിങിനായി 228 കളികളിൽ നിന്ന് 30 ഗോളുകൾ നേടിയ 27കാരനായ കാനു അടുത്തിടെയാണ് ക്ലബുമായുള്ള കരാർ അവസാനിപ്പിച്ച് മടങ്ങിയത്. ഇതിനിടെയാണ് യൂറോകപ്പിന്റെ ടീമിലേക്കുള്ള വിൡ വന്നത്. എന്തായാലും യൂറോയിലെ മികച്ച പ്രകടനത്തോടെ ലോകത്തിലെ മികച്ച ക്ലബുകൾ താരത്തെ നോട്ടമിട്ടുകഴിഞ്ഞു.
















